ദുബൈ റെന്റല്‍ ഇന്‍ഡക്‌സ് ജനുവരിയില്‍; വാടക നിരക്കുകള്‍ ഉയരുമോ?
കഴിഞ്ഞ വര്‍ഷം കെട്ടിട വാടകയില്‍ 18 ശതമാനം വര്‍ധന
ദുബൈയിലെ കെട്ടിടങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട അടിസ്ഥാന ഔദ്യോഗിക രേഖയായ റെന്റല്‍ ഇന്‍ഡക്‌സ് ജനുവരിയില്‍ പുറത്തു വരും. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പുതിയ വാടക നിരക്കുകള്‍, വാടക കരാറുകള്‍ സംബന്ധിച്ച നിബന്ധനകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇന്‍ഡക്‌സില്‍ ഉണ്ടാവുക. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വാടകയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകും ഇന്‍ഡക്‌സ്. കെട്ടിട ഉടമകള്‍ക്ക് പുതിയ വാടക നിരക്കുകള്‍ ഈടാക്കുന്നതിനും താമസക്കാര്‍ക്ക് വിവിധ സ്ഥലങ്ങളിലെ നിരക്കുകള്‍ അറിയുന്നതിനും ഇത് സഹായകമാകും. കെട്ടിട വാടകയില്‍ നേരിയ വര്‍ധന ഉണ്ടാകുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ 15 പാദങ്ങളില്‍ ഉയര്‍ച്ച മാത്രം
കഴിഞ്ഞ 15 പാദങ്ങളിലെ റെന്റല്‍ ഇന്‍ഡക്‌സുകളില്‍ വാടക നിരക്കുകളില്‍ ഉയര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നതാണ്. ജീവിത ചിലവുകള്‍ വര്‍ധിക്കുന്നതിന് ഇത് പ്രധാന കാരണമായി മാറുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 18 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വില്ലകളുടെ വാടക 13 ശതമാനവും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 19 ശതമാനവും കൂടി. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ 22,900 പുതിയ വാടക കരാറുകളാണ് നിലവില്‍ വന്നത്. കെട്ടിടങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഈ കണക്കുകളിലുള്ളത്. 2024 ലെ മൂന്നാം പാദത്തിലും വാടകകളില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ 2025 ആദ്യത്തില്‍ വരുന്ന റെന്റല്‍ ഇന്‍ഡക്‌സിലും ഈ മാറ്റം പ്രകടമാകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.
കരാറുകള്‍ സുതാര്യമാകും
റെന്റല്‍ ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയുള്ള കെട്ടിട കൈമാറ്റങ്ങള്‍ കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും ഒരു പോലെ സഹായമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമിതമായ വാടക ഈടാക്കുന്നതില്‍ നിന്ന് കെട്ടിട ഉടമകളെ ഇത് തടയും. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുള്ള കൈമാറ്റങ്ങള്‍ സാധ്യമാകുന്നതിനാല്‍ വാടകക്കാര്‍ക്കും പിന്തുണ ലഭിക്കും. പുതിയ അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വാങ്ങുന്നതിനും അടിസ്ഥാന നിരക്കുകള്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ്. അബുദബി നഗരത്തിലെ റെന്റല്‍ ഇന്‍ഡക്‌സ് ഈ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തു വന്നത്.