ഇലോണ്‍ മസ്‌ക്; 200 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട ലോകത്തെ ആദ്യ വ്യക്തി
2021 നവംബറില്‍ മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ബെര്‍ണാഡ് അര്‍ണോള്‍ട്ടിന് പിന്നില്‍ രണ്ടാമതാണ് മസ്‌ക്
ആസ്തിയില്‍ (Wealth) നിന്ന് 200 ബില്യണ്‍ ഡോളര്‍ നഷ്ടമാവുന്ന ലോകത്തെ ആദ്യ വ്യക്തിയാണ് ടെസ്‌ല (Tesla) സിഇഒ ഇലോണ്‍ മസ്‌ക് (Elon Musk). ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണിലധികം ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. 2021 ജനുവരിയിലാണ് മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കടന്നത്. ആമസോണിന്റെ ജെഫ് ബസോസാണ് മസ്‌കിനെ കൂടാതെ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക വ്യക്തി
2021 നവംബറില്‍ മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇത് വെറും 137 ബില്യണ്‍ ഡോളറാണ്. ഇക്കാലയളവില്‍ 203 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഓഹരികള്‍ വിറ്റതുമാണ് മസ്‌കിന്റെ ആസ്തി കുറയാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ ടെസ് ല ഓഹരികള്‍ ഇടിഞ്ഞത് 69 ശതമാനത്തോളം ആണ്. 44 ബില്യണ്‍ ഡോളറിനായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്.
Tesla is executing better than ever!
— Elon Musk (@elonmusk) December 16, 2022
We don't control the Federal Reserve.
That is the real problem here.
രണ്ടാഴ്ച മുമ്പാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ മസ്‌ക് ട്വീറ്റ് ചെയ്തത്. ഓഹരി വിപണിയിലെ അസ്ഥിരതകള്‍ക്കിടെ വായ്പ എടുക്കരുതെന്ന ഉപദേശവും അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഇന്റര്‍വ്യൂവില്‍ മസ്‌ക് നല്‍കിയിരുന്നു. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ നിലവില്‍ ബെര്‍ണാഡ് അര്‍ണോള്‍ട്ടിന് പിന്നില്‍ രണ്ടാമതാണ് മസ്‌ക്. 162 ബില്യണ്‍ ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി. 121 ബില്യണ്‍ ഡോളറുമായി ഇന്ത്യയുടെ ഗൗതം അദാനിയാണ് മൂന്നാമത്.