ട്രംപ് പ്രസിഡന്റായി, കോളടിച്ചത് ഇലോണ്‍ മസ്‌കിന്! ഒറ്റരാത്രി കൊണ്ട് കൂടിയത് 2.23 ലക്ഷം കോടിയുടെ സമ്പത്ത്

ട്രംപ് കുടുംബത്തിനൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ഇലോണ്‍ മസ്‌കിന്റെ ചിത്രവും വൈറലായി

Update:2024-11-07 17:19 IST

image credit : social Media

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപാണെങ്കിലും കോളടിച്ചത് ഇലോണ്‍ മസ്‌കിന്. സ്‌പേസ് എക്‌സ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ മസ്‌ക് ട്രംപിന്റെ കടുത്ത അനുയായി കൂടിയാണ്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്‌കിന്റെ സമ്പാദ്യം 26.5 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു (ഏകദേശം 2.23 ലക്ഷം കോടി രൂപ). ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 290 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ നിലവിലെ സമ്പാദ്യം (ഏകദേശം 24.46 ലക്ഷം കോടി രൂപ). 119 ബില്യന്‍ ഡോളര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്ത മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അദ്ദേഹത്തെ കയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്നു.

സമ്പാദ്യം കൂടിയതെങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് ആസ്തി കൂടാന്‍ കാരണം. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ ടെസ്‌ലയുടെ ഓഹരികള്‍ 14.75 ശതമാനം കയറി 288.53 ഡോളര്‍ എന്ന നിലയിലെത്തി. ട്രംപ് ഭരണത്തിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡിയും ഇളവുകളും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമിത നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. അതേസമയം, ടെസ്‌ലയുടെ ഓഹരി വില കയറിയപ്പോള്‍ മറ്റ് ഇലക്ട്രിക് കമ്പനികളുടെ ഓഹരി കുത്തനെയിടിഞ്ഞു. ഇവി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിവിയന്‍ (Rivian) 8 ശതമാനവും ലൂസിഡ് ഗ്രൂപ്പ് 4 ശതമാനവും ചൈനീസ് കമ്പനിയായ എന്‍.ഐ.ഒ 5.3 ശതമാനവും ഇടിഞ്ഞു.

മസ്‌ക് കൂടുതല്‍ പവര്‍ഫുള്ളാകും

തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി ഇലോണ്‍ മസ്‌കിനോളം പണിയെടുത്ത മറ്റൊരു വ്യവസായി ഇല്ലെന്ന് തന്നെ പറയാം. പ്രചാരണ പരിപാടികളില്‍ പങ്കെടുത്തും പിന്തുണക്കുന്നവര്‍ക്കും പ്രചാരണത്തിനും പണമൊഴുക്കിയും മസ്‌ക് ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. മസ്‌കിന്റെ ബിസിനസ് തഴച്ചു വളരാന്‍ സഹായിക്കുന്ന നിലപാടാകും ട്രംപ് ഭരണകൂടം സ്വീകരിക്കുകയെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ട്രംപ് സര്‍ക്കാരിന് കീഴില്‍ ഉന്നത സ്ഥാനത്തേക്ക് മസ്‌കിനെ നിയമിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. പ്രചാരണത്തിനിടയില്‍ ട്രംപ് തന്നെ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് കുടുംബത്തിനൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ഇലോണ്‍ മസ്‌കിന്റെ ചിത്രവും വൈറലായിട്ടുണ്ട്.
Tags:    

Similar News