നഷ്ടക്കണക്കില്‍ ഇലോണ്‍ മസ്‌കിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ജാപ്പനീസ് നിക്ഷേപകനും സോഫ്റ്റ് ബാങ്ക് സിഇഒയുമായ മസായോഷി സണ്ണിന്റെ റെക്കോര്‍ഡ് ആണ് മസ്‌ക് തിരുത്തിയത്

Update:2023-01-10 16:29 IST

വ്യക്തിഗത ആസ്തി ഏറ്റവും അധികം ഇടിഞ്ഞ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് (Elon Musk) സ്വന്തം. ജാപ്പനീസ് ടെക് നിക്ഷേപകനും സോഫ്റ്റ് ബാങ്ക് സിഇഒയുമായ മസായോഷി സണ്ണിന്റെ (Masayoshi Son) റെക്കോര്‍ഡ് ആണ് മസ്‌ക് തിരുത്തിയത്. 2000ല്‍ ആണ് 58.6 ബില്യണ്‍ ഡോളര്‍ നഷ്ടമായ മസായോഷി ഗിന്നസില്‍ ഇടംപിടിച്ചത്.

ഡോട്ട്-കോം ബബിളിനെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ മസായോഷിയുടെ ആസ്തി 78ല്‍ നിന്ന് 19.4 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. നിലവില്‍ 23.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ 66ആമതാണ് മസായോഷി.

Also Read: dotcom bubble; ഓര്‍മിക്കപ്പെടേണ്ട ചരിത്രം


ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റ് പ്രകാരം 2021 നവംബര്‍ മുതല്‍ മസ്‌കിന്റെ ആസ്തിയില്‍ 182 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മസ്‌ക് പിന്തള്ളപ്പെട്ടിരുന്നു. ഫ്രാന്‍സിലെ ബെര്‍ണാഡ് അര്‍ണോള്‍ട്ട് (chairman, LVMH Moet Hennessy Louis Vuitton) ആണ് മസ്‌കിനെ മറികടന്ന് ഒന്നാമതെത്തിയത്.

2021 നവംബറില്‍ മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇത് വെറും 144.4 മില്യണ്‍ ഡോളറാണ്. ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഓഹരികള്‍ വിറ്റതുമാണ് മസ്‌കിന്റെ ആസ്തി കുറയാന്‍ കാരണം. 44 ബില്യണ്‍ ഡോളറിനായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്.

Tags:    

Similar News