കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ 'കണ്ണുവച്ച്' സര്‍ക്കാര്‍; പ്രഹരം ഉപയോക്താക്കള്‍ക്ക്

സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്

Update:2024-08-06 11:42 IST
കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന മുട്ടയ്ക്ക് എന്‍ട്രി ഫീസ് എന്ന നിലയില്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ വില കൂടാന്‍ പുതിയ നീക്കം ഇടവരുത്തും.
വരവ് 50 ലക്ഷത്തിലധികം
കേരളത്തിലേക്ക് ഒരു ദിവസം 50 ലക്ഷത്തിലധികം മുട്ട അതിര്‍ത്തി കടന്നു വരുന്നുണ്ടെന്നാണ് കണക്ക്. ഇതിലേറെയും തമിഴ്‌നാട്ടില്‍ നിന്നാണ്. സേലം, നാമയ്ക്കല്‍, തിരുപ്പൂര്‍ ജില്ലകളാണ് കേരളത്തിലേക്ക് മുട്ട കയറ്റിയയ്ക്കുന്നതില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നും മുട്ട വരുന്നുണ്ടെങ്കിലും തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.
ഒരു മുട്ടയ്ക്ക് 2 പൈസ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ പുതുതായി എന്‍ട്രി ഫീ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന് അധികവരുമാനം ലഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഭാരം ഉപയോക്താക്കളിലേക്ക് എത്തും.
കേരളത്തിലേക്ക് എത്തിക്കുന്ന അറവുമാടുകളുടെ എന്‍ട്രി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. കന്നുകാലിക്ക് 27 രൂപയാക്കി. പന്നി, ചെമ്മരിയാട്, ആട് എന്നിവയ്ക്ക് 16 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് നല്‍കണം. ഇവയുടെ എന്‍ട്രി ഫീ ഒരു രൂപയില്‍ നിന്ന് 1.05 രൂപയാക്കി ഉയര്‍ത്തി.
മുട്ട കയറ്റുമതി
തമിഴ്‌നാട്ടില്‍ നിന്ന് മുട്ട ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍, മസ്‌കറ്റ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലായി മുട്ട, കോഴി ഉത്പാദനം ആരംഭിച്ചത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഭീഷണിയാകുന്നുണ്ട്.
അറേബ്യന്‍ രാജ്യങ്ങളില്‍ ചൂടു വര്‍ധിച്ചതോടെ മുട്ട കയറ്റുമതി കുറഞ്ഞു. നാമക്കല്‍ ജില്ലയിലെ 1,000 മുട്ട ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ദിനവും നാലു കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 70 ലക്ഷം മുട്ടകള്‍ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
Tags:    

Similar News