കേരളത്തിലും ഭൂഗര്‍ഭ റെയില്‍പാത വരുന്നു; പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ഈ മാസം
പദ്ധതിയുടെ സ്ഥലമേറ്റെടുക്കാന്‍ 200 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍;
കേരളത്തിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായാണ് റെയില്‍പാത നിര്‍മിക്കുന്നത്. 1,200 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭൂഗര്‍ഭ പാത ആയതിനാല്‍ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞമാസം പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനുമതി സംബന്ധിച്ച കാര്യത്തില്‍ അന്തിമതീരുമാനം വരുമെന്നാണ് കരുതുന്നത്.
10.7 കിലോമീറ്റര്‍ ദൂരം
വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരം വരെയുള്ള 10.7 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി. ഇതില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പാത കടന്നുപോകുന്നത് തുരങ്കത്തിലൂടെയാണ്. 9 കിലോമീറ്റര്‍ ദൂരവും ഭൂമിക്കടിയിലൂടെയാകും കടന്നുപോകുക. പദ്ധതിച്ചെലവ് കൂടാനുള്ള കാരണവും ഇതാണ്. വിഴിഞ്ഞം ഭാഗത്ത് തൂണുകള്‍ക്ക് മുകളിലൂടെയാകും പാത നിര്‍മാണം. ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാനാണ് ഇത്.
വിഴിഞ്ഞത്ത് ആരംഭിച്ച് മുടവൂര്‍പ്പാറയില്‍ എത്തി നേമത്തേക്കും നെയ്യാറ്റിന്‍കരയിലേക്കും തിരിയുന്ന രീതിയിലാണ് പാതയുടെ രൂപരേഖ. പദ്ധതിയുടെ നിര്‍മാണച്ചുമതല കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ്. അതിവേഗം പണിപൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 5ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. നിര്‍മാണത്തിനായി കേന്ദ്രസഹായവും ഉണ്ടാകും.
പദ്ധതിയുടെ സ്ഥലമേറ്റെടുക്കാന്‍ 200 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. 30 മീറ്ററോളം ആഴത്തിലാകും പാത വരിക. ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ നിലവിലുള്ളിടത്തു നിന്ന് മാറ്റിസ്ഥാപിച്ച് സിഗ്‌നലിംഗ് സ്‌റ്റേഷനാക്കും. 70 കണ്ടെയ്നറുകള്‍ വരെ കയറ്റാവുന്ന റേക്കുകളായിരിക്കും സര്‍വീസ് നടത്തുക.
നാലു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബാലരാമപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ വികസനം മറ്റൊരു തലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.