ശബരിമല: കേരളത്തിലെ 112 സ്ഥലങ്ങളിൽ നിന്ന് ബജറ്റ് ടൂറിസം ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗിൻ്റെ ശാസ്ത്രീയ വശങ്ങള്‍ വിവരിക്കുന്ന ട്യൂട്ടോറിയലുകളുളള മൊബൈൽ ആപ്പ് എം.വി.ഡി പുറത്തിറക്കി

Update:2024-11-27 13:50 IST

Image Courtesy: facebook.com/sabarimalatempleofficial

കെ.എസ്.ആർ.ടി.സി (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍) സംസ്ഥാനത്തെ 112 സ്ഥലങ്ങളിൽ നിന്ന് ശബരിമല ബജറ്റ് ടൂറിസം ട്രിപ്പുകൾ ആരംഭിച്ചു. തീർഥാടകരെ ശബരിമലയിലേക്കും തിരിച്ചും എത്തിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് സര്‍വീസുകള്‍.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുക. ബുക്കിംഗ് ട്രെൻഡുകള്‍ വിലയിരുത്തി കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഡ്രൈവിംഗിൻ്റെ ശാസ്ത്രീയ വശങ്ങള്‍ വിവരിക്കുന്ന ട്യൂട്ടോറിയലുകളും മോക്ക് ഡ്രൈവിംഗ് ടെസ്റ്റുകളും ലഭ്യമാകുന്ന മൊബൈൽ ആപ്പും എം.വി.ഡി പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ് കൂടാതെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്യൂട്ടോറിയലുകൾ ലഭ്യമാണ്.
വ്യത്യസ്ത ഭാഷകളില്‍ ആപ്പ് ലഭ്യമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഗതാഗത വകുപ്പിൻ്റെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മറ്റൊരു ആപ്പ് ഉടൻ പുറത്തിറക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു. കെ.എസ്.ആർ.ടി.സി യുടെ റോഡ് സുരക്ഷാ മാനദണ്ഡങ്ങളും റിസർവേഷൻ സൗകര്യങ്ങളും ഉൾപ്പെടെയുളളവ ആപ്പില്‍ ലഭ്യമാക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്കായി വ്യാവസായിക യൂണിറ്റുകള്‍ സന്ദർശിക്കാന്‍ അവസരമൊരുക്കുന്ന നൂതന പരിപാടിയും കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചു. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാക്കുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും നിരക്ക്.
രാവിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് പുറപ്പെടുന്ന ബസുകൾ വൈകുന്നേരത്തോടെ മടങ്ങുന്നതാണ്. യാത്രകളിൽ വിദ്യാർത്ഥികൾക്ക് മാർഗദർശനം നൽകാൻ പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും. അടുത്ത ഘട്ടത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
Tags:    

Similar News