മാസം 51 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ! ബി.എസ്.എന്‍.എല്ലിനെ ഒതുക്കാന്‍ വമ്പന്‍ പ്ലാനുമായി അംബാനി
4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം
ടെലികോം താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെ വരിക്കാരെ നഷ്ടമാകുന്ന റിലയന്‍സ് ജിയോ പുതിയ തന്ത്രവുമായി രംഗത്ത്. ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ചുരുങ്ങിയ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. 4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പിലൂടെയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ഈ പാക്കേജ് തിരഞ്ഞെടുക്കാം. 51 രൂപ വീതമുള്ള വൗച്ചറുകളായിട്ടാണ് പ്ലാന്‍ ലഭിക്കുന്നത്. ഓരോ വൗച്ചറിനും 30 ദിവസമാണ് വാലിഡിറ്റി. ആവശ്യാനുസരണം ഇത് ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവര്‍ക്കായി 1,111 രൂപയ്ക്ക് എയര്‍ഫൈബര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഈ പ്ലാനില്‍ ഈടാക്കില്ല.
ജിയോയ്ക്ക് പരീക്ഷണ കാലം
ജൂണ്‍ വരെ ജിയോയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. എന്നാല്‍ താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ സ്വന്തമാക്കിയത്.