ഇന്ധനവില കുതിക്കുന്നു: സംസ്ഥാനത്ത് 'സെഞ്ച്വറി'യടിച്ച് പെട്രോള്‍ വില
തിരുവനന്തപുരം പാറശാലയിലാണ് പെട്രോള്‍ വില നൂറുകടന്നത്;
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. ഇന്ന് 26 പൈസ വര്‍ധിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറുകടന്നു. തിരുവനന്തപുരം പാറശാലയിലാണ് പെട്രോള്‍ വില നൂറുകടന്നത്. 100.04 രൂപയാണ് ഇവിത്തെ പെട്രോള്‍ വില. ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസം ഇത് 12 ാം തവണയാണ് പെട്രോളിലും സീസലിനും വില വര്‍ധിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തെ മറ്റ് ഭാഗങ്ങളില്‍ പെട്രോള്‍ വില 99.80 രൂപയായി. ഡീസലിന് 95.62 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 97.98 രൂപയും ഡീസലിന് 94.79 രൂപയുമാണ് ഇന്നത്തെ വില.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെട്രോളിന് 23-26 പൈസയും ഡീസലിന് 6-7 പൈസയുമാണ് കൂടിയത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 103.89 രൂപയിലെത്തി. മെയ് 29 നാണ് ഇവിടെ പെട്രോള്‍ വില നൂറുകടന്നത്. 95.79 രൂപയാണ് ഇവിടത്തെ ഡീസല്‍ വില.
ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 26 പൈസയും 7 പൈസയുമാണ് വര്‍ധിച്ചത്. പെട്രോളിന് 97.76 രൂപയും ഡീസലിന് 88.30 രൂപയുമാണ് ഇവിടത്തെ വില.