രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധന

ഈ മാസം 23 ദിവസങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിച്ചത്

Update: 2021-02-23 04:50 GMT

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. പെട്രോളിന് 90.83 രൂപയും ഡീസലിന് 81.32 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടര്‍ച്ചയായ 13 ദിവസങ്ങളിലെ ഇന്ധനവില വര്‍ധനവിന് ശേഷം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വല വര്‍ധിച്ചിരുന്നില്ല. നാല് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളത്. യഥാക്രമം ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവയാണ് പിറകിലുള്ളത്.

മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 37 പൈസയും 38 പൈസയും വര്‍ധിച്ചു. ഇന്നത്തെ വര്‍ധനവിന് ശേഷം പെട്രോളിന് ലിറ്ററിന് 97.34 രൂപയും ഡീസലിന് 88.44 രൂപയുമാണ് വില. ബെംഗളൂരുവില്‍ പെട്രോളിന് ലിറ്ററിന് 93.98 രൂപയും ഡീസലിന് ലിറ്ററിന് 86.21 രൂപയുമാണ് വില.
സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് 92.81 രൂപയും 87.38 രൂപയുമാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില. ഈമാസം ഇതുവരെയായി 17 തവണയാണ് ഇന്ധനവ വില വര്‍ധിച്ചത്.
അതേസമയം നിരന്തരമായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വിലയ്ക്ക് നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Tags:    

Similar News