കേരളത്തിന്റെ ഭക്ഷ്യസംസ്‌കരണ-മൂല്യവര്‍ധിത മേഖലയില്‍ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകര്‍

ദുബൈയിലെ ഗള്‍ഫുഡ് 2024ല്‍ രാജ്യാന്തര ശ്രദ്ധ നേടി കേരളം

Update: 2024-02-28 09:39 GMT

Image courtesy: ksidc/fb

ലോകത്തെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ബിവറേജസ് മേളകളിലൊന്നായ ഗള്‍ഫുഡ് 2024ല്‍ കേരളത്തിന്റെ ഭക്ഷ്യസംസ്‌കരണ-മൂല്യവര്‍ധിത മേഖലകളില്‍ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകരും സംരംഭകരും. അഞ്ച് ദിവസത്തെ എക്‌സ്‌പോയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള തനതായ ഉത്പന്നങ്ങള്‍ മുതല്‍ റെഡി-ടു ഈറ്റ് ഇനങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ചിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖ സംരംഭകര്‍ പങ്കെടുത്തു.

ഗള്‍ഫുഡ് 2024നോട് അനുബന്ധിച്ച് നടന്ന ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവില്‍ സംസ്ഥാന വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭക്ഷ്യസംസ്‌കരണ-മൂല്യവര്‍ധിത-ഭക്ഷ്യ സാങ്കേതിക മേഖലയിലെ കേരളത്തിന്റെ പ്രാധാന്യത്തെയും സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. അഞ്ച് അത്യാധുനിക ഭക്ഷ്യ സംസ്‌കരണ പാര്‍ക്കുകള്‍, രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍, സുഗന്ധവ്യഞ്ജന പാര്‍ക്ക്, വരാനിരിക്കുന്ന മിനി ഫുഡ് പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചുള്ള അവലോകനം നടത്തി.

അസംസ്‌കൃത വസ്തുക്കള്‍ എളുപ്പം ലഭ്യമാകുന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം നിക്ഷേപസൗഹൃദമായ അന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. കേരളത്തെ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ അടയാളപ്പെടുത്തി സംസ്ഥാനത്തേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക, കേരളത്തിലെ സംരംഭകര്‍ക്ക് രാജ്യാന്തര വിപണിയൊരുക്കുക എന്നിവയാണ് ഇത്തരം മേളകളിലെ പങ്കാളിത്തത്തിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫുഡ് 2024 കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്ക് യു.എ.ഇയിലും അറബ് രാജ്യങ്ങളിലും പുതുവിപണിയുടെ സാധ്യതകള്‍ തുറക്കാന്‍ സഹായിക്കും. ഈ മേഖലയില്‍ സംസ്ഥാനത്തെ വിപുലമായ അവസരങ്ങളും സാധ്യതകളും മുന്നോട്ടുവച്ചാണ് ദുബൈ വേള്‍ഡ് ട്രേഡ് സെന്റെറില്‍ ഗള്‍ഫുഡ് 2024ന് സമാപനമായത്.

Tags:    

Similar News