അമേരിക്ക 'രക്ഷിച്ചു' സ്വര്‍ണത്തില്‍ ഇന്ന് വന്‍ ഇടിവ്; വില കുറയാന്‍ കാരണം ഇതൊക്കെ

ജൂണ്‍ ഏഴിന് 54,080 എന്നതായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില

Update:2024-06-22 11:20 IST

Image by Canva

തുടര്‍ച്ചയായ രണ്ടുദിവസവും കുതിച്ച സ്വര്‍ണ വിലയില്‍ ഇന്ന് (ജൂണ്‍ 22 ശനി) വന്‍ കുറവ്. വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപത്തിനുമായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് വിലയിടിവ് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 760 രൂപയായിരുന്നു കൂടിയത്.
22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 80 രൂപ താഴ്ന്ന് 6,635 രൂപയായി. പവന്റെ വിലയില്‍ 640 രൂപയുടെ ലാഭമാണ് ഉപയോക്താക്കള്‍ക്ക് വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടുന്നത്. ഇന്നത്തെ പവന്‍ വില 53,080 രൂപയാണ്. കഴിഞ്ഞയാഴ്ച്ച ഇതേ സമയം 53,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,520 രൂപയാണ് ഇന്നത്തെ വില. വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 95 രൂപയായി.
ജൂണില്‍  ആശ്വാസം
മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ സ്വര്‍ണവില കൂടുതല്‍ കുളിര്‍മ സമ്മാനിക്കുന്നതായി. കഴിഞ്ഞ മാസം ഇതേ ദിവസം ഒരു പവന്റെ വില 54,640 രൂപയായിരുന്നു. 30 ദിവസത്തിനുള്ളില്‍ ഇന്ന് പവന് 1,560 രൂപയുടെ കുറവ്. മേയ് 20ന് 55,120 എന്ന റെക്കോഡിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ജൂണ്‍ ഏഴിന് 54,080 എന്നതായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.
സ്വര്‍ണവില കുറയാന്‍ കാരണം?
അമേരിക്കയില്‍ സ്വര്‍ണവില വെള്ളിയാഴ്ച 1.62 ശതമാനം ഇടിഞ്ഞിരുന്നു. ഡോളറിന്റെ ശക്തമായ പ്രകടനവും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) കൂടിയതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഡോളറും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടവും വര്‍ധിക്കുമ്പോള്‍ സ്വര്‍ണവിലയെ വിപരീതമായി ബാധിക്കുന്നതാണ് പതിവ്.

ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണവില കൂടും. തന്‍മൂലം ഡിമാന്‍ഡ് കുറയും. ആവശ്യകത കുറയുമ്പോള്‍ വിലയും താഴും. ബോണ്ടുകള്‍ കൂടുതല്‍ മികച്ച നിക്ഷേപ മാര്‍ഗമായി മാറുന്നതും സ്വര്‍ണത്തിലുള്ള താല്പര്യം കുറയാന്‍ ഇടയാക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപയാകും
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ ഇന്നലെ നല്‍കേണ്ടിയിരുന്നത് ഒരു പവന്‍ ആഭരണത്തിന് 58,151 രൂപയായിരുന്നു.
ഇന്ന് വില കുറഞ്ഞതോടെ 57,459 രൂപ കൊടുത്താല്‍ ഒരു പവന്‍ ആഭരണം കിട്ടും. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.
Tags:    

Similar News