സ്വര്‍ണത്തിനെന്ത് പറ്റി? അനക്കമില്ലാതെ നാലുനാള്‍; കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ, അറിയാം ഇന്നത്തെ വില
നിയന്ത്രിത ആക്രമണങ്ങള്‍ക്കു പകരം പോരാട്ടം കടുത്താല്‍ അത് സ്വര്‍ണവിലയെ ബാധിക്കും;
അമേരിക്കയില്‍ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന ഫെഡ് ചെയര്‍മാന്‍ ജെറോം പവലില്‍ നിന്നുണ്ടായത് നാലുദിവസം മുമ്പാണ്. അന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് കാര്യമായ മാറ്റങ്ങളില്ലാതെ അതേപടി തുടരുകയാണ്. സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വരാനുള്ള മറ്റ് സാഹചര്യങ്ങളൊന്നും സക്രിയമല്ലാത്തതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഗ്രാമിന് 6,695 രൂപയാണ് ഇന്നത്തെ വില. പവന്‍ നിരക്ക് 53,560 രൂപയില്‍ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,540 രൂപയാണ്. വെള്ളിവില 93 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം നിര്‍ണായകം
ഇസ്രയേലും അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങിയേക്കാമെന്ന അവസ്ഥയിലാണ്. നിയന്ത്രിത ആക്രമണങ്ങള്‍ക്കു പകരം പോരാട്ടം കടുത്താല്‍ അത് സ്വര്‍ണവിലയെ ബാധിക്കും. ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ നീങ്ങുന്നത് യുദ്ധകാലത്ത് സാധാരണയാണ്. ഇത് വില കുതിച്ചുയരാന്‍ ഇടയാക്കും.
നിലവിലെ അവസ്ഥയില്‍ സ്വര്‍ണവില ഇനിയും കൂടിയാല്‍ കേരളത്തിലെ കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. വിവാഹ സീസണിന്റെ തുടക്കമായതിനാല്‍ ജുവലറികളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കൂടിയേക്കുമെന്ന ആശങ്കയില്‍ ഒട്ടുമിക്ക കല്യാണ പാര്‍ട്ടികളും മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നുണ്ട്.
ഇന്ന് പവന്‍ വില എത്ര?
ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും ഇന്ന് നല്‍കേണ്ടി വരും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനനുസരിച്ച് സ്വര്‍ണാഭരണ വിലയിലും മാറ്റമുണ്ടാകും. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമാണ്.