പതിയെ ഉയര്‍ന്ന് സ്വര്‍ണം, ന്യുഇയര്‍ വില്പന പൊടിപൊടിക്കാന്‍ ജുവലറികള്‍
വരും ദിവസങ്ങളില്‍ വിലയില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,150യും പവന് 57,200 രൂപയുമായിട്ടാണ് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ വില 10 രൂപ വര്‍ധിച്ച് 5,905 രൂപയിലെത്തി. വെള്ളിവില മാറ്റമില്ലാതെ 95 രൂപയില്‍ തന്നെയാണ്.
ഡിസംബര്‍ ഒന്നിന് കേരളത്തിലെ അതേ വിലയാണ് ഇന്നും. ഡിസംബര്‍ 20ന് 56,320 രൂപ വരെ താഴ്ന്ന വില പിന്നീട് കൂടുകയായിരുന്നു. രാജ്യാന്തര തലത്തിലെ ഇടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.
ഇന്ന് ആഭരണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,200 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,915 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.