ഗൂഗ്ള്‍ ചേച്ചി വഴികാട്ടി അപകടമുണ്ടായാല്‍ ഉത്തരവാദിത്തം ആര്‍ക്ക്?

യു.പിയില്‍ പണിതീരാത്ത പാലത്തില്‍ നിന്ന് ടാക്‌സി നദിയില്‍ വീണ് മരിച്ചത് മൂന്നു പേര്‍

Update:2024-11-27 14:18 IST
നവംബര്‍ 23-ന്, ഉത്തര്‍പ്രദേശിലെ ഫരീദ്പൂരില്‍ പണി തീരാത്ത പാലത്തില്‍ നിന്ന് ടാക്‌സി നദിയിലേക്കു വീണ് മൂന്നു പേര്‍ മരിച്ചു. ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു അവരുടെ യാത്ര. ഗൂഗ്ള്‍ മാപ്പ് വഴികാട്ടിയതനുസരിച്ച് ടാക്‌സി പണി തീരാത്ത പാലത്തില്‍ കയറി; നദിയില്‍ വീണു. പൊതുമരാമത്തു വകുപ്പിന്റെ (PWD) നാല് എഞ്ചിനീയര്‍മാരെയും ഗൂഗ്ള്‍ മാപ്പിന്റെ പ്രാദേശിക ഓഫീസറെയും പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു. ഗൂഗ്ള്‍ മാപ്പ് ഓഫീസറുടെ പേര് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (FIR) ഇല്ലെങ്കിലും, അന്വേഷണം പുരോഗമിക്കുന്നു. ഇത്തരമൊരു അപകടം സംഭവിച്ചതില്‍ ഗൂഗ്ള്‍ വക്താവ് ദുഃഖം പ്രകടിപ്പിച്ചു. അതേസമയം, പണി തീരാത്ത പാലത്തിലേക്ക് ടാക്‌സി കയറി അപകടം സംഭവിച്ചതില്‍ ഗൂഗിളിനെതിരെ നിയമനടപടി സാധ്യമാണോ? ഉപയോക്തൃ സംരക്ഷണ നിയമ പ്രകാരം ഗൂഗ്ള്‍ കുറ്റക്കാരാണെന്ന വാദം ഒരു വശത്ത്. ഗൂഗ്‌ളിന്റെ സേവനം സ്വമേധയാ ഉപയോഗിച്ച ഉപയോക്താവിനോ അധികൃതര്‍ക്കോ കമ്പനിക്കെതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്ന വാദം മറുവശത്ത്.

ഉത്തരവാദിത്തം ആരുടെ?

പാലത്തില്‍ മുന്നറിയിപ്പ് സിഗ്‌നലുകളും സുരക്ഷാപരമായ ബാരിക്കേഡുകളോ ഉണ്ടായിരുന്നില്ല. ഇതു പരിഗണിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാറിലേക്ക് വന്നു ചേരുന്നു. റോഡുകളുടെ സുരക്ഷ, അപകട മുന്നറിയിപ്പ് എന്നിവ പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണ്. നിര്‍മാണത്തിലിരിക്കുന്ന റോഡുകളിലേക്കുള്ള ഗതാഗതം തടയുന്നതിന് കൃത്യമായി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അപ്പോള്‍, ഗൂഗ്ള്‍ മാപ്പിന്റെ പങ്ക് എന്താണ്? നിയമപരമായി നോക്കിയാല്‍ 
ഗൂഗ്ള്‍
 മാപ്പിന്റെ സേവന വ്യവസ്ഥകള്‍ (Terms of Service) പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് കൊച്ചിയിലെ സണ്‍സ് ലീഗല്‍ സ്ഥാപകനും പ്രമുഖ അഭിഭാഷകനുമായ സുനില്‍ ജോസ്.
''ഗൂഗ്ള്‍ മാപ്പ് ഒരു ഗതിനിര്‍ണയ സഹായിയാണ്. അന്തിമമായൊരു മാര്‍ഗനിര്‍ദേശമല്ല അവര്‍ നല്‍കുന്നത്. അവര്‍ നല്‍കിയ റൂട്ടുകളിലെ യാത്ര തടസങ്ങള്‍ക്കും വിലക്കുകള്‍ക്കും അവര്‍ ഉത്തരവാദികളല്ല എന്നാണ് കാണേണ്ടത്. ഗൂഗ്ള്‍ പ്രതിസ്ഥാനത്തു നിര്‍ത്തി ഒരു കേസ് കോടതിയില്‍ വന്നാല്‍, ഗൂഗ്ള്‍ സേവന വ്യവസ്ഥകള്‍ പരിശോധിക്കപ്പെടും. ടേംസ് ആന്റ് കണ്ടീഷന്‍സ് അംഗീകരിച്ചുകൊണ്ടാണ് ഏതൊരു ഉപയോക്താവും 
ഗൂഗ്ള്‍
 മാപ്പ് ഉപയോഗിച്ചു തുടങ്ങുന്നതെന്ന് ഓര്‍ക്കണം. അതുകൊണ്ട് ഗൂഗ്ള്‍ മാപ്പിനെ അപകടത്തിന്റെ ഉത്തരവാദിയാക്കുക പ്രയാസമായിരിക്കും'' -സുനില്‍ ജോസ് വിശദീകരിച്ചു.

സ്വയം വിവേചനം പ്രധാനം

ഗൂഗ്ള്‍ മാപ്പ് ഒരു സര്‍ക്കാര്‍ സേവനം അല്ല, അതിനാല്‍ ഉപയോക്താക്കള്‍ ഡ്രൈവിങ് സമയത്ത് സ്വന്തം വിവേകമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗ്ള്‍ മാപ്പിന് ഉപഭോക്തൃ സംരക്ഷണ നിയമം ബാധകമാവുമോ? ഈ നിയമത്തിന്റെ ഉദ്ദേശം ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ്. അപകട സാഹചര്യത്തില്‍ നിയമം ബാധകമാക്കാന്‍ പ്രയാസമുണ്ട്. ഗൂഗ്ള്‍ മാപ്പ് ഒരു സേവനമാണ്. ഉപയോക്താക്കള്‍ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്നു എന്നുമാത്രം. ഗൂഗ്ള്‍ മാപ്പ് ഒരു ഉല്‍പന്നമായി കാണാനാവില്ല. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 2(42) പ്രകാരവും സെക്ഷന്‍ 2(11) പ്രകാരവും സേവനത്തിലെ അപാകതക്ക് ഗൂഗ്ള്‍ ഉത്തരവാദിയാണെന്ന് കാണുന്നവരുമുണ്ട്. സ്വതന്ത്ര സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹരിദ്വാറിലെ ജില്ല ഉപഭോക്തൃ കമീഷന്‍ മുമ്പ് വിധിച്ചത്. വിവര സാങ്കേതിക വിദ്യാ നിയമ വ്യവസ്ഥകള്‍ പ്രകാരമുള്ള ഗൂഗിളിന്റെ ഉത്തരവാദിത്തവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കൃത്യമായ ഡാറ്റാ പരിപാലനത്തില്‍ ഗൂഗ്ള്‍ മാപ്പ് നിഷ്‌ക്രിയമാണെന്ന് തെളിയിക്കാനായാല്‍ ഐ.ടി ആക്ട് 43-എയുടെ ലംഘനത്തിന് ഉത്തരവാദിത്തമുണ്ടാകും.

വഴിമുട്ടിയ കേസുകള്‍

ഗൂഗ്ള്‍ മാപ്പിന്റെ തെറ്റായ യാത്രാ നിര്‍ദേശം ചര്‍ച്ചയാകുന്നത് ഇതാദ്യമല്ല. ഗൂഗ്ള്‍ മാപ്പിനെ ഉത്തരവാദിയാക്കാനുള്ള ആവശ്യം യു.എസില്‍ മുമ്പ് തള്ളിപ്പോയിട്ടുണ്ട്. ഒരു സ്ത്രീ ഗൂഗ്ള്‍ മാപ്പ് ഉപയോഗിച്ച് നടന്നു ചെന്നത് തിരക്കേറിയ ഹൈവേയിലേക്കാണ്. അവിടെ കാര്‍ തട്ടി ഗുരുതര പരിക്കേറ്റു. അവര്‍ ഗൂഗ്ള്‍ മാപ്പിനെയും കാര്‍ ഡ്രൈവറെയും കോടതി കയറ്റി. ഗൂഗ്ള്‍ മാപ്പിന് പരാതിക്കാരിയുമായി നിയമപരമായ ബന്ധമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ഹൈദരാബാദില്‍ നിന്ന് വന്ന ഒരു ടൂറിസ്റ്റ് കാര്‍ കോട്ടയത്ത് വഴി തെറ്റി കനാലില്‍ വീണ സംഭവം മറ്റൊന്ന്. 
ഗൂഗ്ള്‍
 മാപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അവര്‍ മുന്നോട്ടു നീങ്ങിയത്. കഴിഞ്ഞ വര്‍ഷം രണ്ട് ഡോക്ടര്‍മാര്‍ കനത്ത മഴ പെയ്യുന്നതിനിടയില്‍ വഴി തെറ്റി പെരിയാര്‍ നദിയില്‍ വീണു മരിച്ച സംഭവവുമുണ്ട്. കൃത്യമായ വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പ് നല്‍കാത്ത സന്ദര്‍ഭങ്ങളുണ്ടെന്ന് അന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗൂഗിളിന് എന്തു ചെയ്യാം?

അധികൃതരുമായി കൂടുതല്‍ ബന്ധപ്പെട്ടു വേണം ഗൂഗ്ള്‍ പ്രവര്‍ത്തിക്കാനെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റോഡ് പണി, വഴി തിരിച്ചു വിടല്‍ തുടങ്ങി റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യമായ അപ്‌ഡേറ്റ് നല്‍കാന്‍ ഇതുവഴി ഒരു ക്രമീകരണം രൂപപ്പെടുത്താന്‍ സാധിക്കും. സര്‍ക്കാറിന്റെ മുന്നറിയിപ്പു നിര്‍ദേശങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ പ്രതിഫലിക്കുന്ന വിധം ഉള്‍ക്കൊള്ളിക്കാന്‍ അവരുെട സാങ്കേതിക വിദ്യക്ക് കഴിയേണ്ടതാണ്. ഗൂഗ്ള്‍ പോലുള്ള പുതിയ സംവിധാനങ്ങള്‍ ഇന്നത്തെ കാലത്ത് ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തം ഗൗരവപൂര്‍വം നിര്‍വഹിക്കാന്‍ നടപടി വേണ്ടതാണ്.
Tags:    

Similar News