പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും, ഒരാഴ്ചക്കകം
ഇന്ധന വില കുറയുമെന്ന സൂചനയില്‍ വിലയിടിഞ്ഞ് എണ്ണക്കമ്പനി ഓഹരികള്‍
പെട്രോളിനും ഡീസലിനും ഏതാനും ദിവസങ്ങള്‍ക്കകം വില കുറച്ചേക്കും. പല കാരണങ്ങളാല്‍ വില കുറക്കാന്‍ എണ്ണ കമ്പനികളും സര്‍ക്കാറും നിര്‍ബന്ധിതമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിന്റെ ഗുണഫലം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം ഏറ്റവും നിര്‍ണായകമായ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. മഹാരാഷ്ട്രയും ഹരിയാനയുമാണ് അവ. ഈ രണ്ട് സാഹചര്യങ്ങളും അവഗണിക്കാന്‍ കഴിയുന്നതല്ല.
വാണിജ്യ പാചക വാതകത്തിന് നേരിയ തോതിലും വിമാന ഇന്ധനത്തിന് ഗണ്യമായ തോതിലും വില കുറച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വില നിരക്ക് എണ്ണക്കമ്പനികള്‍ അവലോകനം ചെയ്യുന്നത് രണ്ടാഴ്ച കൂടുമ്പോഴാണ്. അതനുസരിച്ച് സെപ്തംബര്‍ 15ന് ഇന്ധന വില പുനഃപരിശോധിക്കുമെന്നും കുറക്കുമെന്നുമുള്ള പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. വില കുറക്കുമെന്ന പ്രതീതി എണ്ണക്കമ്പനികളുടെ ഓഹരി വില രണ്ടു ശതമാനത്തോളം ഇടിച്ചു. വില കുറക്കേണ്ടി വരുമ്പോള്‍ ഈ കമ്പനികളുടെ ലാഭം കുറയുന്നതാണ് കാരണം.