മുഖം മിനുക്കി സംസ്ഥാന ജി എസ് ടി വകുപ്പ്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും

Update: 2022-05-16 12:11 GMT

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും ,സുതാര്യവും ആകുന്നതിന്റെ ഭാഗമായി നികുതി വകുപ്പ് പുതിയ ലോഗോയും, ടാഗ്ലൈനും പുറത്തിറക്കി.

സെക്രട്ടേറിയറ്റ് പി.ആര്‍.ഡി ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലോഗോയുടെയും ടാഗ്ലൈനിന്റെയും പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിര്‍വഹിച്ചു.



ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ബില്ലുകള്‍ സ്വീകരിക്കാനുള്ള 'ലക്കി ബില്‍' മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ് ലൈനും. പൊതുജനങ്ങള്‍, വ്യാപാരികള്‍, നികുതി വിദഗ്ദ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ നികുതി വ്യവസ്ഥിതിയിലേക്ക് കൂടുതല്‍ ക്രിയാത്മകമായി സന്ദേശങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോഗോയും ടാഗ്ലൈനും തയ്യാറാക്കിയിരിക്കുന്നത്. സാധനങ്ങളും, സേവനങ്ങളും വാങ്ങുമ്പോള്‍ നികുതി രേഖപ്പെടുത്തിയ ബില്ല് വാങ്ങേണ്ടുന്നതിന്റെ ആവശ്യകത പൊതു ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതാണ് പുതിയ ടാഗ് ലൈന്‍. ലോഗോയിലും, ടാഗ് ലൈനിലും വരുന്ന ആധുനികതയും, പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഐ.എ.എസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്, സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡോ വീണ എന്‍.മാധവന്‍. ഐ.എ.എസ്, അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ എസ്. ഐ.ആര്‍.എസ് എന്നിവര്‍ പങ്കെടുത്തു.


Tags:    

Similar News