സിഗരറ്റിനും ലഘുപാനീയങ്ങള്‍ക്കും വിലവര്‍ധന വരുന്നു; പുതിയ ജി.എസ്.ടി സ്ലാബില്‍ ലക്ഷ്യം വരുമാന വര്‍ധന
നിലവില്‍ 28 ശതമാനമാണ് ഉയര്‍ന്ന ജി.എസ്.ടി സ്ലാബ്. 35 ശതമാനമാക്കാനാണ് ശിപാര്‍ശ
വരുമാന വര്‍ധന ലക്ഷ്യമിട്ട് ജി.എസ്.ടി നിയമത്തില്‍ പുതിയൊരു സ്ലാബ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധ്യത. സിഗരറ്റ്, പാന്‍മസാല, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവയെ ഈ സ്ലാബില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഡിസംബര്‍ 21ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
നിലവില്‍ 28 ശതമാനമാണ് ഉയര്‍ന്ന ജി.എസ്.ടി സ്ലാബ്. 35 ശതമാനമാക്കാനാണ് ശിപാര്‍ശ. അങ്ങനെ വരുമ്പോള്‍ പുതിയൊരു സ്ലാബ് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴുള്ള സ്ലാബ്. ജി.എസ്.ടി സ്ലാബ് മാറിയാല്‍ സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ വില വലിയ തോതില്‍ വര്‍ധിക്കും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സ്ലാബ് മാറ്റം വഴിയൊരുക്കും.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ജി.എസ്.ടി
വസ്ത്ര മേഖലയിലെ ജി.എസ്.ടി ഏകീകരിക്കാനും മന്ത്രിതല സംഘം ശിപാര്‍ശ ചെയ്തിട്ടുണ്ട്. 1,500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അഞ്ചു ശതമാനവും 10,000 രൂപ വരെയുള്ളവയ്ക്ക് 18 ശതമാനം ജി.എസ്.ടിയും ഈടാക്കാനാകും നിര്‍ദ്ദേശമുണ്ട്. മൊത്തം 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ മാറ്റം വന്നേക്കും. ഡിസംബര്‍ 21ന് ജയ്സാല്‍മറിലാണ് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ ചേരുന്നത്.
നവംബറിലെ ജി.എസ്.ടി വരുമാനം 1.82 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധന. കേരളത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10 ശതമാനമാണ് വര്‍ധന. ഇക്കൊല്ലം 2,763 കോടി രൂപയാണ് വരുമാനം ലഭിച്ചത്. മുന്‍വര്‍ഷം ഇത് 2,515 കോടി രൂപയായിരുന്നു.
ഓഹരികളില്‍ പ്രതിഫലിച്ചു
അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ പുതിയ സ്ലാബില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത് ഐ.ടി.സി ലിമിറ്റഡ്, വരുണ്‍ ബീവറേജസ്, വി.എസ്.ടി ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളെ ബാധിച്ചു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നേരിയ തിരിച്ചുവരവ് നടത്തി.