ബി.ജെ.പി 'പ്ലാന്‍ ബി' വിളനിലമായി ഹരിയാന, പ്രകമ്പനം മഹാരാഷ്ട്ര വരെ നീളും; ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍?

ബി.ജെ.പിയെ തല്ലാനും ഇന്ത്യ സഖ്യത്തിലെ ചെറുപാര്‍ട്ടികളെ നിയന്ത്രിക്കാനും കോണ്‍ഗ്രസിന് കിട്ടിയ മാജിക് വടിയായിരുന്നു ഹരിയാന, ഇനിയെന്ത് സംഭവിക്കും?

Update:2024-10-08 18:07 IST
ജൂണില്‍ മൂന്നാംടേം അധികാരമേറ്റെടുക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ശരീരഭാഷ അത്ര പോസിറ്റീവ് ആയിരുന്നില്ല. 400 പ്രതീക്ഷിച്ച് കേവല ഭൂരിപക്ഷം പോലും തനിച്ച് നേടാനാകത്തതിന്റെ ആശങ്ക ബി.ജെ.പി ക്യാംപിനെയും ബാധിച്ചിരുന്നു. എന്നാല്‍, നാലു മാസങ്ങള്‍ക്കിപ്പുറം നിര്‍ണായകമായ രണ്ടു സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് മോദി ഗ്യാംഗിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയശേഷമുള്ള പതനത്തിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് പാളയം. ജമ്മു കഷ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം അധികാരത്തിലെത്താന്‍ സാധിച്ചെങ്കിലും അവിടെയും അത്ര മികച്ചതല്ല കോണ്‍ഗ്രസ് പ്രകടനം. കേവലം ആറുസീറ്റും 12 ശതമാനത്തിനടുത്ത് വോട്ടും മാത്രമാണ് അതിര്‍ത്തി സംസ്ഥാനത്ത് കൈപ്പത്തിയിലേക്ക് വന്നത്. 42 സീറ്റുകള്‍ നേടിയ ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിക്ക് മുന്നില്‍ വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.
ഹരിയാനയിലേക്ക് വരുമ്പോള്‍ എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമായിരുന്നു കോണ്‍ഗ്രസിന്. പത്തുവര്‍ഷത്തെ ഭരണവിരുദ്ധ തരംഗത്തിനൊപ്പം കര്‍ഷകസമരത്തിന്റെ അലയൊലികളും കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഏറ്റവും ദുഷ്‌കരമായ സാഹചര്യവും മറികടന്നാണ് ബി.ജെ.പി ഇവിടെ മൂന്നാം ഊഴത്തിന് യോഗ്യത നേടിയത്. ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു പരീക്ഷണ വേദിയായിരുന്നു ഹരിയാന.

മോദി മാജിക്കല്ല, സംഘടന കരുത്ത്

നരേന്ദ്ര മോദിയുടെ ജനപ്രീതി ബി.ജെ.പിക്ക് കരുത്തായെങ്കിലും വിജയത്തിലേക്ക് നയിച്ചതിന് പിന്നില്‍ മറ്റ് ഘടകങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം ആര്‍.എസ്.എസിന്റെ പിന്തുണയും കരുത്തുറ്റ ബി.ജെ.പി സംഘടന സംവിധാനവുമാണ്. 2014 വരെ ഹരിയാന രാഷ്ട്രീയത്തില്‍ കാര്യമായ റോളില്ലാതിരുന്ന പാര്‍ട്ടി ഇന്ന് മൂന്നാംവട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സംഘടന സംവിധാനം കെട്ടുറപ്പുള്ളതായി.
2014നുശേഷം നിയമസഭ തിരഞ്ഞെടുപ്പുകളിലും മോദിയായിരുന്നു ബി.ജെ.പിയുടെ താരപ്രചാരകന്‍. മോദിയുടെ പേരില്‍ വോട്ടു വാങ്ങിയാണ് പല സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ തീരെ കുറച്ച് റാലികളെ മാത്രമാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. തിരിച്ചടി വന്നാല്‍ മോദിയുടെ പ്രതിച്ഛായയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരിക്കാം.
തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ മോദി മാത്രമല്ല തങ്ങള്‍ക്കുള്ളതെന്ന് വിളിച്ചുപറയാന്‍ ഹരിയാന ഫലം ജെ.പി നഡ്ഡയ്ക്കും സംഘത്തിനും കരുത്താകും. സംസ്ഥാനങ്ങളില്‍ സ്വന്തം നിലയില്‍ അധികാരത്തിലെത്താനുള്ള പ്ലാന്‍ ബി അടുത്തിടെ ബി.ജെ.പി പയറ്റുന്നുണ്ട്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ജനകീയതയും അസമില്‍ ഹിമന്ത ബിശ്വശര്‍മയുടെ തന്ത്രജ്ഞതയും അവര്‍ കൃത്യമായി ഉപയോഗിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അമിതമായി മോദിയെ ആശ്രയിക്കുന്നത് അടുത്ത കാലത്തായി ബി.ജെ.പി കുറച്ചിട്ടുണ്ട്. ഭാവിയെ നോക്കിയുള്ള തീരുമാനമായിരിക്കാം ഇതിനുപിന്നില്‍.

മഹാരാഷ്ട്രയെ സ്വാധീനിച്ചേക്കും

രണ്ടു മാസത്തിനുള്ളില്‍ നിര്‍ണായകമായ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഹരിയാനയിലെ ഉജ്ജ്വല വിജയം മറാത്ത മണ്ണില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനും കൂട്ടര്‍ക്കും ഉത്തേജനം പകരും. കോണ്‍ഗ്രസിന്റെ കരുത്തില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് രംഗത്തു വന്നുവെന്നത് ശ്രദ്ധേയമാണ്.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നുവെന്ന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പ്രസ്താവന സൂചനയായിട്ട് വേണമെങ്കില്‍ എടുക്കാം. മധ്യപ്രദേശ് ശൈലിയില്‍ മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ കൊണ്ടുവന്ന 'ലഡ്കി ബിന്‍ സ്‌കീം' സ്ത്രീ വോട്ടര്‍മാരില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഒരു കോടി വനിതകള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കുന്നതാണ് പദ്ധതി.
ഇത്തരം സ്‌കീം വഴിയാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹന്‍ ബി.ജെ.പിയെ ഗംഭീര വിജയത്തിലേക്ക് നയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മറാത്ത മണ്ണില്‍ ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ ശിവസേനയും ശരദ് പവാറിന്റെ എന്‍.സി.പിയും കൂടുതല്‍ കാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സാധ്യതയില്ല.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഹരിയാന ഏറ്റവും നല്ലൊരു വടിയായിരുന്നു. ബി.ജെ.പിയെ തല്ലാനും ഇന്ത്യ സഖ്യത്തിലെ ചെറുപാര്‍ട്ടികളെ നിയന്ത്രിക്കാനും പറ്റിയൊരു മാജിക് വടി. എന്നാല്‍ അമിത ആത്മവിശ്വാസവും അടിത്തട്ടിലെ അന്തര്‍ധാര മുന്‍കൂട്ടി കാണുന്നതിലെ പാകപ്പിഴകളും ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുന്നു. പ്രചരണത്തിനെത്തിയ പന്ത്രണ്ടില്‍ എട്ടു സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് രാഹുല്‍ ഗാന്ധിക്കും കോട്ടമാകും.
Tags:    

Similar News