കോവിഡ് ബാധിച്ചത് രണ്ട് ശതമാനം പേര്‍ക്ക് മാത്രമെന്ന് കേന്ദ്രം
യുഎസ്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറവാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമായ സാഹചര്യത്തിലും ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബാക്കിയുള്ള 98 ശതമാനം പേരും കോവിഡ് ഭീഷണിയിലാണ്. അതേസമയം കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് വ്യാപനം രണ്ട് ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ കോവിഡ് ബാധിതയുടെ എണ്ണം 2.5 കോടിയിലധികമാണ്. 2,78,719 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് ബാധിതരുടെ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസ്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയുടേത്. അമേരിക്കയില്‍ 10.1 ശതമാനം, ബ്രസീല്‍ 7.3 ശതമാനം, ഫ്രാന്‍സ് 9 ശതമാനം, തുര്‍ക്കി 6 ശതമാനം എന്നിങ്ങനെയാണ് കോവിഡ് ബാധിതരായവരുടെ എണ്ണം. ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്.
അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു. മെയ് ആദ്യവാരം 21 ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.9 ആയി കുറഞ്ഞു. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലാണ് ഒരു ലക്ഷത്തിലധികം കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്ര, യു.പി, ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിലും കുറവുണ്ട്.