പോക്കറ്റ് കീറും! കേരളത്തിലെ ആശുപത്രികള്‍ വിലയ്ക്കു വാങ്ങി വമ്പന്‍ കോര്‍പറേറ്റുകള്‍
ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഇടപെടലും നിക്ഷേപവും വര്‍ധിച്ചെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും സ്വകാര്യ ആശുപത്രികളോടാണ് പ്രിയമെന്ന് വിദഗ്ധര്‍
കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഏറ്റെടുക്കലും വിപുലീകരണവുമായി സ്വകാര്യ ആശുപത്രികള്‍ പിടിമുറുക്കുമ്പോള്‍ മലയാളിയുടെ ആരോഗ്യ ചെലവുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ പിന്തുണയുള്ള ക്വാളിറ്റി കെയര്‍ അടുത്തിടെ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ ഏറ്റെടുത്തിരുന്നു. കോഴിക്കോട് ആസ്ഥാനമായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ തൊടുപുഴയിലെ ചാഴിക്കാട്ട് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ ഏറ്റെടുക്കുമെന്നും വാര്‍ത്തയുണ്ട്. നേരത്തെ ബേബി മെമ്മോറിയലിനെ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കോ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റല്‍ അടുത്തിടെ സമീപത്തുള്ള മാതാ ആശുപത്രിയെയും കൊച്ചിയിലെ ലിസി ഹോസ്പിറ്റല്‍ പി.വി.എസ് ഹോസ്പിറ്റലിനെയും ഏറ്റെടുത്തിരുന്നു.
ലയന വാര്‍ത്തകള്‍ തള്ളി ആസ്റ്റര്‍
ബ്ലാക്‌സ്റ്റോണിന്റെ പിന്തുണയുള്ള കെയര്‍ ഹോസ്പിറ്റലുമായി മലയാളിയായ ആസാദ് മൂപ്പന്റെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലയിക്കുമെന്നും ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു. ജി.സി.സിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വാര്‍ത്ത വന്നത്. എന്നാല്‍ ഇത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന തരത്തിലാണ് ആസ്റ്റര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിശദീകരണം നല്‍കിയത്. ലയനം നടന്നിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളില്‍ ഒന്നാകുമായിരുന്നു ഇത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 232 ലാബുകള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍ എന്നിവയാണ് ആസ്റ്ററിനുള്ളത്.
ആശുപത്രി ശൃംഖലകള്‍ ആര്‍ക്ക് നേട്ടം
അതേസമയം, സ്വകാര്യ മേഖലയില്‍ ചെറുകിട ആശുപത്രികള്‍ക്ക് പകരം മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള വമ്പന്‍ ശൃംഖലകള്‍ പിടിമുറുക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. വലിയ ആശുപത്രി ശൃംഖലകളുണ്ടാകുന്നത് ഗുണപരമായ മാറ്റമാകുമെന്നും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എ.എച്ച്.പി.ഐ) കേരള ഘടകം പ്രസിഡന്റും കിംസ് ഹെല്‍ത്ത് ചെയര്‍മാനുമായ ഡോ.എം.ഐ സഹദുള്ള ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഇത്തരം ശൃംഖലകള്‍ കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുമെന്നും സംസ്ഥാനത്തിന്റെ മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട കമ്പനികള്‍ക്ക് ആശുപത്രി നടത്തിപ്പില്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് മറികടക്കാന്‍ വലിയ കമ്പനികള്‍ക്കാകുമെന്ന് വാദിക്കുന്നവരുമുണ്ട്.
അതേസമയം, ഇത്തരം ആശുപത്രികളില്‍ പ്രീമിയം ആരോഗ്യ സേവനങ്ങള്‍ ലഭിക്കുമെങ്കിലും സാധാരണക്കാരന് താങ്ങാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരം ഏറ്റെടുക്കലുകള്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ സഹായങ്ങളില്ലാതെ കടുത്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട-ഇടത്തരം ആശുപത്രികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
ആരോഗ്യത്തില്‍ മലയാളിയുടെ കീശ ചോരുന്നു
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വ്യക്തിഗത ചികിത്സാ ചെലവ് കൂടുതലാണെന്ന നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സിന്റെ (എന്‍.എച്ച്.എ) റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധന, പ്രായമായ ആളുകളുടെ എണ്ണം കൂടിയത്, ആരോഗ്യ സംരക്ഷണത്തിലെ അമിത ഉത്കണ്ഠ, സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്നത് തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്ത ആരോഗ്യ ചെലവ് ( Total Health Expenditure) 48,034 കോടി രൂപയാണ്. സംസ്ഥാന ജി.ഡി.പിയുടെ 5.2 ശതമാനമാണിത്. ആളോഹരി ചികിത്സാ ചെലവ് 13,343 രൂപ. ഇതില്‍ സര്‍ക്കാര്‍ വിഹിതമായി 4,338 രൂപ നല്‍കുമ്പോള്‍ വ്യക്തികള്‍ സ്വന്തം പോക്കറ്റില്‍ നിന്നും 7,889 രൂപ ചെലവിടുന്നു. വ്യക്തികള്‍ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവിടുന്ന ആകെ പണം 28,400 കോടി രൂപയാണ്, മൊത്ത ആരോഗ്യ ചെലവുകളുടെ ഏകദേശം 59.1 ശതമാനം. 2020-21 കാലഘട്ടത്തില്‍ വ്യക്തിഗത ചെലവ് 65.7 ശതമാനമായിരുന്നു.
സ്വകാര്യ ആശുപത്രികളോട് പ്രിയം
2013-14 കാലഘട്ടത്തിലാണ് എന്‍.എച്ച്.എ കണക്കുകള്‍ ആദ്യമായി പുറത്തുവിടുന്നത്. ആദ്യം മുതലേ സര്‍ക്കാര്‍ ചെലവിടുന്നതിനേക്കാള്‍ കൂടുതലായിരുന്നു വ്യക്തിഗത ചെലവിടല്‍. പക്ഷേ എല്ലാ വര്‍ഷവും സര്‍ക്കാര്‍ വിഹിതവും വ്യക്തികള്‍ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവിടുന്ന പണവും കൂടിവന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 ശതമാനത്തോളം ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റി വക്കുന്നുണ്ട്. ഇന്ത്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സംസ്ഥാനം കൂടിയാണ് കേരളം. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഇടപെടലും നിക്ഷേപവും വര്‍ധിച്ചെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും സ്വകാര്യ ആശുപത്രികളോടാണ് പ്രിയമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചികിത്സാ ചെലവ് വര്‍ധിക്കുമെങ്കിലും മികച്ച സേവനങ്ങളും ചികിത്സയും ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്നവരാണെന്നും വിദഗ്ധര്‍ പറയുന്നു.