ബോട്ട് വിറ്റാലും അടച്ചുതീര്‍ക്കാന്‍ പറ്റില്ല, കോടികള്‍ കുടിശിക ആവശ്യപ്പെട്ട്‌ ഹൗസ്‌ ബോട്ടുകള്‍ക്ക് ജി.എസ്.ടി വകുപ്പിന്റെ ഇരുട്ടടി

ഇതുവരെ 5 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്ന സേവനത്തിന് 18 ശതമാനം ജി.എസ്.ടി വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി

Update:2024-10-11 16:39 IST

image credit : canva

കേരളത്തിലെ പ്രധാന ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ ഹൗസ് ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ വക ഇരുട്ടടി. കോടികളുടെ ജി.എസ്.ടി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഹൗസ് ബോട്ട് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു. ഇതുവരെ 5 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്ന സേവനത്തിന് 18 ശതമാനം ജി.എസ്.ടി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഹൗസ് ബോട്ടുകളെ ടൂര്‍ ഓപ്പറേറ്റര്‍ സേവനമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് സേവനമാണെന്നുമാണ് വകുപ്പിന്റെ വാദം.
2017ല്‍ ജി.എസ്.ടി നിലവില്‍ വരുന്നതിന് മുമ്പ് ഹൗസ് ബോട്ടുകളെ ടൂര്‍ ഓപറേറ്റര്‍മാരായാണ് പരിഗണിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷവും കേന്ദ്ര ജി.എസ്.ടി ഓഫീസിന്റെ ഉറപ്പില്‍ ഇതേ പരിഗണന തുടര്‍ന്നു. ഇത് സംബന്ധിച്ച് കേരള ട്രാവല്‍ മാര്‍ട്ട് അധികൃതര്‍ വ്യക്തത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് കമ്മിഷണര്‍ നല്‍കിയ മറുപടിയും ഹൗസ് ബോട്ടുകളെ ടൂര്‍ ഓപ്പറേറ്റര്‍മാരായി പരിഗണിക്കണമെന്ന് തന്നെയായിരുന്നു. എന്നാല്‍ ഹൗസ് ബോട്ടുകളെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലേ പരിഗണിക്കാന്‍ കഴിയൂവെന്നും 18 ശതമാനം ജി.എസ്.ടി ഈടാക്കണമെന്നുമാണ് സംസ്ഥാന ജി.എസ്.ടി വിഭാഗത്തിന്റെ നിലപാട്. ടൂറിസ്റ്റ് സീസണ്‍ തുടങ്ങാനിരിക്കെ ബോട്ടുടമകള്‍ക്ക് 1 കോടി മുതല്‍ ഏഴ് കോടി രൂപ വരെ കുടിശിക ഇനത്തില്‍ അടയ്ക്കണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍ നിവേദനം നല്‍കി. ടൂര്‍ ഓപറേറ്റര്‍മാരെന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ ഹൗസ് ബോട്ടുകള്‍ക്ക് 5 ശതമാനം ജി.എസ്.ടി ചുമത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കേന്ദ്ര ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ 11എ അനുസരിച്ച് ജി.എസ്.ടി കൗണ്‍സില്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്നും മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

ഇതാണോ ഉത്തരവാദിത്ത ടൂറിസം?

സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന ഉത്തരവാദ ടൂറിസം സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് ജി.എസ്.ടി വകുപ്പിന്റെ നീക്കമെന്നാണ് ഹൗസ് ബോട്ട് ഉടമകള്‍ പറയുന്നത്. ഇതനുസരിച്ച് പ്രാദേശികമായ വിഭവങ്ങള്‍ ഉപയോഗിച്ചും നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കിയുമാണ് ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 18 ശതമാനം ഇന്‍പുട്ട് ക്രെഡിറ്റ് സിസ്റ്റത്തിലേക്ക് മാറുന്നതോടെ ടൂറിസ്റ്റുകള്‍ക്കുള്ള ഭക്ഷണം, ബിവറേജസ് തുടങ്ങിയ സേവനങ്ങള്‍ വന്‍കിട കമ്പനികളില്‍ നിന്നും വാങ്ങേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

ബോട്ട് വിറ്റാലും കുടിശിക അടയ്ക്കാന്‍ പറ്റില്ല

ടൂറിസ്റ്റ് സീസണ്‍ അടുത്തിരിക്കെ ബോട്ടുടമകള്‍ക്ക് അധിക ബാധ്യത വരുത്തുന്നതാണ് വകുപ്പിന്റെ നീക്കമെന്ന് ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. ഒരു ബോട്ടുടമയ്ക്ക് 7 കോടി രൂപയാണ് കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്. ബോട്ടുകള്‍ വിറ്റാല്‍പോലും ഇത്രയും പണം കിട്ടില്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. ഇക്കാര്യം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. ഹൗസ് ബോട്ട് ബിസിനസിനെ പുതിയ പ്രതിസന്ധി കാര്യമായി ബാധിക്കുമെന്നും ഉടമകള്‍ പറയുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലായി 1,200ലധികം ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. കേരളത്തിന് പുറത്ത് ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന അസമിലും പശ്ചിമ ബംഗാളിലും 5 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നതെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News