എല്‍.ഐ.സിയുടെ റെക്കോഡ് പഴങ്കഥയാകും; ഹ്യൂണ്ടായിയുടെ ഐ.പി.ഒയ്ക്ക് ഗ്രീന്‍ സിഗ്നല്‍
ഓഹരിവിപണിയിലേക്ക് ഇന്ത്യയില്‍ ഒരു കാര്‍ നിര്‍മാണ കമ്പനി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയ്‌ക്കൊരുങ്ങി ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ ഘടകം. 25,000 കോടി രൂപ സമാഹരിക്കാനുള്ള ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഐ.പി.ഒ യാഥാര്‍ത്ഥ്യമായേക്കുമെന്നാണ് വിവരം.
ഐ.പി.ഒയ്ക്കു വേണ്ട രേഖകള്‍ ജൂണില്‍ ഹ്യൂണ്ടായ് സെബിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. മുമ്പ് എല്‍.ഐ.സിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടക്കുക. 2022 മേയില്‍ എല്‍.ഐ.സിയുടെ ഐ.പി.ഒ 21,008 കോടി രൂപയുടേതായിരുന്നു. ഇതാണ് ഹ്യൂണ്ടായ് മറികടക്കാന്‍ പോകുന്നത്.
നിലവിലെ ഓഹരിയുടമകള്‍ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) മാത്രമാകും ഐ.പി.ഒയില്‍ ഉണ്ടാകുക. 17.5 ശതമാനം ഓഹരികളാകും കമ്പനി വിറ്റഴിക്കുക. 14.2 കോടി ഓഹരികള്‍ വരുമിത്.
മാരുതിക്ക് ശേഷം ആദ്യം
ഓഹരിവിപണിയിലേക്ക് ഇന്ത്യയില്‍ ഒരു കാര്‍ നിര്‍മാണ കമ്പനി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 2003ല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് ആയിരുന്നു അവസാനമായി ലിസ്റ്റ് ചെയ്തത കാര്‍ കമ്പനി. നിലവില്‍ മാരുതി സുസൂക്കി കഴിഞ്ഞാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിപണി വിഹിതത്തില്‍ രണ്ടാംസ്ഥാനക്കാരാണ് ഈ ദക്ഷിണകൊറിയന്‍ ബ്രാന്‍ഡ്.
മാരുതി സുസൂക്കിയും ടാറ്റ മോട്ടോഴ്‌സും മുന്‍ പാദത്തെ അപേക്ഷിച്ച് ചെറിയ ഇടിവ് നേരിട്ടപ്പോഴും ഹ്യൂണ്ടായിക്ക് ഈ സാമ്പത്തികവര്‍ഷം തളര്‍ച്ച നേരിടേണ്ടി വന്നിരുന്നില്ല. 14.5 ശതമാനമാണ് 2024 സാമ്പത്തികവര്‍ഷം കമ്പനിയുടെ വിപണിവിഹിതം. 41.7 ശതമാനവുമായി മാരുതി സുസൂക്കിയാണ് ഒന്നാമത്.
ഹ്യൂണ്ടായ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത് 1998ലാണ്. സാന്‍ട്രോ എന്ന മോഡല്‍ ഉപഭൂഖണ്ഡത്തിലെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്യാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐ.പി.ഒയുമായി ഹ്യൂണ്ടായ് വരുന്നത്.