കനേഡിയൻ മാധ്യമ റിപ്പോർട്ട് പരിഹാസ്യം, ബന്ധം വഷളാകുന്നത് രൂക്ഷമാകാനേ ഉപകരിക്കൂവെന്നും ഇന്ത്യ

ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവറിലാണ് കൊല്ലപ്പെട്ടത്

Update:2024-11-21 17:02 IST
സിഖ് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊല്ലാനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന കനേഡിയൻ മാധ്യമ റിപ്പോർട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. ഇത് അപവാദ പ്രചരണമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഖകരമല്ലാത്ത ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുളളത്. ഖാലിസ്ഥാനി പ്രവർത്തകനെ കൊല്ലാനുള്ള ഗൂഢാലോചന മോദിക്ക് അറിയാമായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത കനേഡിയൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ പത്രം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയില്‍ ഉണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ വഷളായ ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതൽ തകർക്കുകയേ ഉള്ളൂവെന്ന് ജയ്‌സ്വാൾ പറഞ്ഞു.

നയതന്ത്ര പ്രതിസന്ധി

ഖാലിസ്ഥാനി ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവറിലാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തില്‍ ഡൽഹിയിലെ 'ഏജൻ്റുമാർക്ക്' പങ്കുണ്ടെന്ന് ആരോപിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര പ്രതിസന്ധിക്ക് കാരണമായത്.
കഴിഞ്ഞ മാസം കാനഡ സര്‍ക്കാര്‍ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയ്ക്കും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കുകയും ചെയ്തു. കനേഡിയൻ നയതന്ത്ര തലവന്‍ സ്റ്റുവർട്ട് വീലറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും പുറത്താക്കിയാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.
ഇന്ത്യയുടെ കൊടും ഭീകരരുടെ പട്ടികയിൽ ഉണ്ടായിരുന്നയാളാണ് നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിൻ്റെ മുഖ്യ സൂത്രധാരനായ നിജ്ജാർ. പഞ്ചാബിലെ ഹിന്ദു പുരോഹിതന്റെ കൊലപാതകം ഉള്‍പ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ഇയാള്‍ക്ക് പങ്കുണ്ട്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഭീകരവിരുദ്ധ ഏജൻസിയായ എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.
Tags:    

Similar News