ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യയിലും! ആദ്യ സര്‍വീസ് ഡിസംബറില്‍, ചെലവ് 2,800 കോടി രൂപ; എന്താണ് പ്രത്യേകത?
ജര്‍മനി, സ്വീഡന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുള്ളത്
ലോകത്ത് വെറും നാല് രാജ്യങ്ങള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് എന്ന നേട്ടത്തിലേക്ക് ഇന്ത്യയും. ഈ വര്‍ഷം ഡിസംബറില്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ്-സോനിപത് പാതയിലൂടെയാകും ഹൈഡ്രജന്‍ ട്രെയിന്‍ കന്നിയാത്ര നടത്തുക.
ജര്‍മനി, സ്വീഡന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുള്ളത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് എന്ന പേരിലുള്ള പദ്ധതിക്കായി 2,800 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 35 ട്രെയിനുകള്‍
ഹൈഡ്രജനില്‍ ഓടുന്ന 35 ട്രെയിനുകള്‍ ആദ്യ ഘട്ടത്തില്‍ ഇറക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപ വീതമാണ് ചെലവഴിക്കുക. പരീക്ഷണയോട്ടം വിജയകരമായാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വ്യാപകമാക്കാനാണ് റെയില്‍വേയുടെ നീക്കം. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കാമെന്നതും പരിസ്ഥിതി സൗഹൃദമാണെന്നതും പ്രത്യേകതയാണ്.
ഹൈഡ്രജന്‍ ഇന്ധനമായി വരുന്ന ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും നൈട്രജനും പുറംതള്ളുകയില്ല. ഈ ട്രെയിനില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനും ഓക്സിജനും പരിവര്‍ത്തനം ചെയ്തുകൊണ്ട് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെയാണ് ട്രെയിന്‍ ഓടുക.
എന്താണ് പ്രത്യേകത
ചില റെയില്‍വേ റൂട്ടൂകളില്‍ വൈദ്യുതീകരണം നടത്തുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം പ്രദേശങ്ങളിലൂടെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കും. പൈതൃക പാതകളിലെ ഹൈഡ്രജനുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ചെലവു കുറയ്ക്കാനും സാധിക്കുമെന്നത് ഹൈഡ്രജന്‍ ട്രെയിനിന്റെ പ്രത്യേകതയാണ്.