ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം അങ്കമാലിയില്‍
സ്വര്‍ണാഭരണ പ്രദര്‍ശനത്തില്‍ 200 നിര്‍മ്മാതാക്കള്‍ 400 ഓളം സ്റ്റാളുകളിലായി സ്വര്‍ണാഭരണങ്ങളുടെ പുതിയ ഫാഷന്‍ അവതരിപ്പിക്കും
ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ദേശീയ സമ്മേളനം ജൂലൈ ഏഴിന് അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ത്യയിലെ 5 ലക്ഷം സ്വര്‍ണ വ്യാപാരികളെ പ്രതിനിധീകരിച്ച് പതിനായിരത്തോളം ജ്വല്ലറി ഉടമകള്‍ പ്രതിനിധികളായി പങ്കെടുക്കും. കേരളത്തില്‍ നിന്ന് 5000ത്തോളം സ്വര്‍ണ വ്യാപാരികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യന്‍ സ്വര്‍ണാഭരണ വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഇന്ത്യന്‍ സ്വര്‍ണാഭരണ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദേശീയ സമ്മേളനം നടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 6, 7, 8 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറിനോട് അനുബന്ധിച്ചാണ് ജൂലൈ 7ന് ദേശീയ സമ്മേളനം നടക്കുന്നത്.
സ്വര്‍ണാഭരണ പ്രദര്‍ശനത്തില്‍ 200 നിര്‍മ്മാതാക്കള്‍ 400 ഓളം സ്റ്റാളുകളിലായി സ്വര്‍ണാഭരണങ്ങളുടെ പുതിയ ഫാഷന്‍ അവതരിപ്പിക്കും. ഡയമണ്ട് ആഭരണങ്ങളുടെയും മെഷിനറികളുടെയും പ്രത്യേക പവലിയനും ഉണ്ടായിരിക്കുന്നതാണ്. ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ സോണല്‍ കമ്മിറ്റി അംഗം ബി. പ്രേമാനന്ദ്, യുണൈറ്റഡ് എക്‌സിബിഷന്‍ പ്രോജക്ട് ഹെഡ് വി.കെ. മനോജ്, ഡയറക്ടര്‍ സത്യസായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.