ദിര്‍ഹവും റിയാലും 23 രൂപയിൽ, പ്രവാസികള്‍ ഹാപ്പി ; നാട്ടിലെ അക്കൗണ്ടുകളില്‍ എത്തിയത് കോടികൾ

സര്‍വകാല റെക്കോഡ് നിരക്കിലാണ് കഴിഞ്ഞ ദിവസം പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചത്

Update:2024-11-15 18:25 IST

image credit : canva

അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ്. സര്‍വകാല റെക്കോഡ് നിരക്കിലാണ് നവംബര്‍ 15ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് ഇന്നലെ വൈകിട്ട് 23 രൂപ വരെ ലഭിച്ചവരുണ്ട്. യു.എ.ഇയില്‍ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ ഇന്നലെ 22.99 രൂപക്കാണ് വിനിമയം നടന്നത്. 22.86 രൂപയാണ് ഇന്നത്തെ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക്.
23.17 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ ഖത്തര്‍ റിയാലിന്റെ വിനിമയം നടന്നത്. ഇന്നലെ 23.20 എന്ന നിലയിലും ഖത്തര്‍ റിയാല്‍ എത്തിയിരുന്നു. സൗദി റിയാലാകട്ടെ 22.48 രൂപയിലാണ് ഇന്നത്തെ വിനിമയം. കഴിഞ്ഞ ദിവസം 22.49 രൂപയിലെത്തിയിരുന്നു. 219.28 രൂപയാണ് ഇന്നത്തെ ഒമാന്‍ ദിനാറിന്റെ വിനിമയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 213 രൂപ വരെ ലഭിച്ചവരുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. ബഹറിന്‍ ദിനാര്‍ 224രൂപ നിരക്കിലും കുവൈത്ത് ദിനാര്‍ 274.59 രൂപ എന്ന നിരക്കിലുമാണ് വിനിമയം നടക്കുന്നത്.
Tags:    

Similar News