പുതു തലമുറയ്ക്ക് ഇന്ത്യയെ വേണ്ടാതാവുകയാണോ...രാജ്യം വിടുന്നവരുടെ എണ്ണം ഉയരുന്നു

2015 മുതല്‍ 881,254 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. പ്രൊഫഷണലുകളും കോടീശ്വരന്മാരും, സെലിബ്രറ്റികളും ഉള്‍പ്പടെ രാജ്യം വിടുകയാണ്.

Update: 2022-01-21 10:49 GMT

തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ യൂറോപ്പിലാണെന്ന് അഭിമാനത്തോടെ പറയുന്നവരുടെ നാടാണ് കേരളം. പണ്ട് ജോലിക്കായി അന്യനാട്ടിലേക്ക് പോയിരുന്ന ഇന്ത്യക്കാര്‍ ഇന്ന് പഠിക്കുമ്പോള്‍ തന്നെ വിദേശ നാട് സ്വപ്‌നം കാണുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ വിദേശ നിക്ഷേപങ്ങള്‍ ലക്ഷ്യമിടുമ്പോള്‍, ഇവിടുത്ത മിടുക്കരായ ഒരു വിഭാഗം മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടോയെന്ന് സംശയമാണ്.

കേന്ദ്രം ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2015 മുതല്‍ 881,254 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. പ്രൊഫഷണലുകളും കോടീശ്വരന്മാരും, സെലിബ്രറ്റികളും ഉള്‍പ്പടെ ഇന്ത്യ വിടുകയാണ്. 2014-18 കാലയളവില്‍ 23000 കോടീശ്വരന്മാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് നാടുകളിലേക്ക് ചേക്കേറിയത്. 2019ലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന ആസ്ഥിയുള്ളവരെ നഷ്ടപ്പെടുന്ന (HNWI) രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഇന്ത്യയില്‍ നിന്ന് 7000 പേര്‍ പോയപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് നഷ്ടമായത് 16,000 പേരെയാണ്. റഷ്യ( 5500), ഹോങ്കോംഗ് (4200), തുര്‍ക്കി(2,100). പട്ടികയിലെ ആദ്യ അഞ്ചില്‍ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ സ്ഥിതിഗതികളും ആളുകളെ പൗരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
രാജ്യത്തെ ഐടി മേഖലയ്ക്കും പ്രൊഫഷണലുകളുടെ കൊഴിഞ്ഞുപോക്ക് വെല്ലുവിളിയാണ്. 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പ്രമുഖ ഐടി കമ്പനികളില്‍ നിന്ന് ജോലി ഉപേക്ഷിച്ചവര്‍ നിരവധിയാണ്. ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം കാനഡ പോലുള്ള രാജ്യങ്ങളാണ്. ഇന്‍ഫോസിസ് -25.5%), വിപ്രോ- 22.7%), എച്ച്‌സിഎല്‍(19.8%), ടിസിഎല്‍( 15.3 %) എന്നിങ്ങനെയാണ് ജോലി ഉപേക്ഷിച്ചവരുടെ എണ്ണം.
ഫ്രീ പ്രസ്സ് ജേണല്‍ അടുത്തിടെ നടത്തിയ പഠനം പറയുന്നത്, 1996-2015 കാലയളവില്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ 10, 12 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പകുതി വിദ്യാര്‍ത്ഥികളും ബിരുദ പഠനത്തിനായി വിദേശത്തേക്ക് പോയെന്നാണ്. 94 ശതമാനം വിദ്യാര്‍ത്ഥികളും വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും പഠനം പറയുന്നു. ലോകത്തിലെ മികച്ച സര്‍വകലാശാലകള്‍ എടുത്താല്‍ ആദ്യ മുന്നൂറില്‍ ഇന്ത്യയില്‍ നിന്ന് ഒരെണ്ണം പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഒരു സര്‍വ്വേ ആരംഭിച്ചിരുന്നു. എന്തുകൊണ്ട് യുവ തലമുറ കേരളം വിടുന്നു എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സര്‍വ്വേ (പൂര്‍ത്തിയിട്ടില്ല). ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത് ഇതുവരെ അഭിപ്രായം അറിയിച്ച 78% വിദ്യാര്‍ത്ഥികളും കേരളത്തിന് പുറത്ത് പോവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നതാണ്.
കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം തുടരാതിരിക്കാനുള്ള കാരണങ്ങളെ പറ്റിയുള്ള ചോദ്യത്തില്‍ ഏറ്റവും പ്രധാനമായി കുട്ടികള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 'poor attitude towards students' എന്നതാണ്. പഠിച്ചു പാസായത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പോലും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വ്യക്തിസ്വാതന്ത്ര്യത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്ഥിരമായ ഇടപെടല്‍ ആണ് ആളുകള്‍ ജോലിക്കായി പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നതിന്റെ മറ്റൊരു കാരണമായി അദ്ദേഹം പറയുന്നത്. കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും കൂടുതല്‍ സ്വതന്ത്ര ചിന്ത ഉള്ളവരും കേരളത്തില്‍ നിന്നും പുറത്തുപോയാല്‍ ബാക്കിയാകുന്ന സമൂഹം കൂടുതല്‍ കൂടുതല്‍ കണ്‍സേര്‍വേറ്റിവ് ആകും. അത് ലിബറല്‍ ചിന്താഗതിയുള്ള കൂടുതല്‍ ആളുകളെ പുറത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുമെന്ന മുന്നറിയിപ്പും മുരളി തുമ്മാരക്കുടി നല്‍കുന്നുണ്ട്.


Tags:    

Similar News