ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമത്തിന്റെ വരുമാനം ഇതാണ്, സ്ഥിര നിക്ഷേപമായി ഉളളത് ₹7000 കോടി

സാധാരണ ഗ്രാമീണങ്ങളില്‍ നിന്ന് മദാപ്പറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചറാണ്

Update:2024-09-07 11:02 IST

Image Courtesy: x.com/811GK

ഒട്ടേറെ ശതകോടീശ്വരന്മാരുടെ നാടാണ് ഇന്ത്യ. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിലാണ് ഉളളത്. അധികം ആരും ഈ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഗുജറാത്തിലെ കച്ച് ജില്ലയിലെ മദാപ്പറാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം.
ഗ്രാമത്തിന്റെ പ്രത്യേകതകള്‍
മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമെന്നറിയപ്പെടുന്ന പോർബന്തറിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് മദാപ്പർ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിൽ ഏകദേശം 32,000 നിവാസികളാണ് ഉളളത്. പ്രധാനമായും പട്ടേൽ സമുദായത്തിൽ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നത്.
നന്നായി പരിപാലിക്കുന്ന റോഡുകൾ, കാര്യക്ഷമമായ ശുദ്ധജല വിതരണം, മികച്ച ശുചീകരണ സംവിധാനങ്ങൾ, സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളുമുളള മദാപ്പറിന്റെ അടിസ്ഥാന സൗകര്യങ്ങൾ അതിന്റെ സമൃദ്ധിയുടെ പ്രതിഫലനം കൂടിയാണ്.
ശക്തമായ ബാങ്കിംഗ് സംവിധാനം
സാധാരണ ഗ്രാമീണങ്ങളില്‍ നിന്ന് മദാപ്പറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചറാണ്. എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, യൂണിയൻ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഉൾപ്പെടെ 17 ബാങ്കുകളാണ് ഈ ഗ്രാമത്തിലുളളത്. 7,000 കോടി രൂപയില്‍ അധികം സ്ഥിരനിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഉളളത്.
മദാപ്പറിന്റെ സമ്പത്തിന്റെ പ്രാഥമിക സ്രോതസ് വിദേശ ഇന്ത്യക്കാരില്‍ (എൻ.ആർ.ഐ) നിന്നാണ് വരുന്നത്. മദാപ്പറിൽ നിന്നുള്ള ഏകദേശം 1,200 കുടുംബങ്ങളാണ് വിദേശത്തുളളത്. ഭൂരിഭാഗം ആളുകളും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലാണ് താമസിക്കുന്നത്. വിദേശങ്ങളില്‍ താമസമായിട്ടും ഈ കുടുംബങ്ങൾ ഗ്രാമവുമായി ശക്തമായ ബന്ധമാണ് നിലനിർത്തുന്നത്.
അവരുടെ വരുമാനത്തിന്റെ പ്രധാന ഭാഗം മദാപ്പറിലെ പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമാണ് നിക്ഷേപിക്കുന്നത്. പലപ്പോഴും നിക്ഷേപം വിദേശ കറൻസികളിൽ നിന്ന് രൂപയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
കൃഷിക്കും 
 നിർണായക പങ്ക്
 
എന്‍.ആര്‍.ഐകളിൽ നിന്നുള്ള ഗണ്യമായ സാമ്പത്തിക സംഭാവനകൾക്ക് പുറമേ മദാപ്പറിന്റെ സമ്പദ്‌വ്യവസ്ഥയിൽ കൃഷി ഒരു നിർണായക പങ്ക് വഹിക്കുന്നു. മാമ്പഴം, കരിമ്പ്, ചോളം തുടങ്ങിയ പ്രധാന കാർഷിക വിളകളുടെ ഉൽപാദനത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ ഉൽപന്നങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഗ്രാമത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും സമൃദ്ധിക്കും മറ്റൊരു തലം നൽകുന്നു.
മദാപ്പറിന്റെ സമ്പന്നമായ പ്രവാസി സമൂഹം 1968 ൽ ലണ്ടനിൽ സ്ഥാപിതമായ മദാപ്പർ വില്ലേജ് അസോസിയേഷനിലൂടെ വളരെ ശക്തമാണ്. ഗ്രാമവും വിദേശത്തുള്ള താമസക്കാരും തമ്മിലുള്ള ബന്ധം നിലനിർത്തുകയും ശക്തിപ്പെടുത്തുകയുമാണ് അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന്.
തന്ത്രപരമായ സാമ്പത്തിക സമ്പ്രദായങ്ങൾ, മികച്ച എൻ.ആർ.ഐ ബന്ധങ്ങൾ, ശക്തമായ കാർഷിക പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഈ ഗ്രാമം സമാനതകളില്ലാത്ത സമ്പത്ത് കൈവരിക്കുന്നത്. ആഗോള ബന്ധങ്ങളിലൂടെയും ഗ്രാമത്തിന്റെ തനതു വിഭവങ്ങളുടെ ഫലപ്രദമായ മാനേജ്‌മെന്റിലൂടെയും പരമ്പരാഗത ഗ്രാമീണ മേഖലകൾക്ക് വലിയ സാമ്പത്തിക വിജയം എങ്ങനെ സ്വന്തമാക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് മദാപ്പര്‍.
Tags:    

Similar News