ബി.എസ്.എന്‍.എല്ലില്‍ ഡാറ്റ ചോര്‍ച്ച? സിം കാര്‍ഡുകളില്‍ ക്ലോണിങ് ആശങ്ക

ഫോണിന്റെ പ്രവര്‍ത്തനത്തിലെ അസാധാരണത്വം നിരീക്ഷിക്കുകയും ജാഗ്രത നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

Update:2024-06-26 13:19 IST

Image: Canva

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗ(ബി.എസ്.എന്‍.എല്‍)മില്‍ ഗണ്യമായ ഡാറ്റ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്. അതീനിയന്‍ ടെകിന്റെ ത്രെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം കൈബര്‍ഫാന്റം (kaiberphant0m) എന്ന ഹാക്കറാണ് സുപ്രധാനമായ ഡാറ്റയില്‍ കടന്നു കയറ്റം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ദശലക്ഷക്കണക്കായ ഉപയോക്താക്കളുടെ ഡാറ്റയില്‍ കടന്നു കയറ്റമുണ്ടായെന്നുറി പ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര മൊബൈല്‍ ഉപഭോക്തൃ ഐഡന്റിറ്റി (ഐ.എം.എസ്.ഐ) നമ്പറുകള്‍, സിം കാര്‍ഡ് വിവരങ്ങള്‍, ഹോം ലൊക്കേഷന്‍ രജിസ്റ്റര്‍ വിശദാംശങ്ങള്‍, ഡി.പി കാര്‍ഡ് ഡാറ്റ, ബി.എസ്.എന്‍.എല്ലിന്റെ സൊളാറിസ് (SOLARIS) സെര്‍വര്‍ സ്‌നാപ് ഷോട്ട് എന്നിവയില്‍ കടന്നു കയറ്റം നടന്നു.
ഇത്തരത്തില്‍ ഡാറ്റ ചോര്‍ത്തുന്നത് സിം ക്ലോണിങ്ങിന് വഴിയൊരുക്കും. സ്വകാര്യതയുടെ ലംഘനത്തിനും കാരണമാകും. സുരക്ഷ മുന്‍കരുതലുകള്‍ മറികടക്കാന്‍ അവസരം നല്‍കുന്നതിലൂടെ സാമ്പത്തികമായ ക്രമക്കേടുകള്‍ക്കും ദുരുപയോഗത്തിനും സാധ്യതയുണ്ട്. ഉപയോക്താക്കള്‍ ഫിഷിങ് പോലുള്ള വഞ്ചനക്കും ഇരയായെന്നു വരാം. ഉപയോക്താക്കള്‍ക്കു മാത്രമല്ല, ബി.എസ്.എന്‍.എല്ലിനും സേവന സംബന്ധമായ പ്രശ്‌നമുണ്ടാക്കാം.
ഫോണിന്റെ പ്രവര്‍ത്തനത്തിലെ അസാധാരണത്വം നിരീക്ഷിക്കുകയും ജാഗ്രത നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയാണ് ഉപയോക്താക്കള്‍ക്കു മുന്നിലുള്ള വഴി. ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ 2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പോലുള്ള സുരക്ഷിതത്വ നടപടികള്‍ ഉറപ്പു വരുത്തുകയും വേണം.
Tags:    

Similar News