ഡിസംബര്‍ വരെയുള്ളതും തീര്‍ന്നു, കേരളം ₹1,245 കോടി കടമെടുക്കും; 12 സംസ്ഥാനങ്ങളുടെ കടമെടുപ്പ് ₹19,942 കോടി
ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തിലെ കേരളത്തിന്റെ കടം 25,453 കോടി രൂപയാകും
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുവദിച്ചതില്‍ ബാക്കി തുക കൂടി കേരളം കടമെടുക്കുന്നു. ഓണത്തിന് മുമ്പ് അനുവദിച്ച 4,200 കോടിയില്‍ ബാക്കിയുള്ള 1,245 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ ലേലം റിസര്‍വ് ബാങ്കിന്റെ ഇ-കുബേര സംവിധാനം വഴി ഒക്ടോബര്‍ ഒന്നിന് നടക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് കടമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ആദ്യ 6 മാസത്തിലെ കടം 25,453
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് തന്നെ കേരളം എടുത്ത് തീര്‍ത്തിരുന്നു. ബാക്കി തുക 2025 ജനുവരി മുതലുള്ള കാലയളവില്‍ എടുക്കാന്‍ സാധിക്കും. എന്നാല്‍ ശമ്പളം, പെന്‍ഷന്‍ പോലുള്ള ചെലവുകളടക്കം പ്രതിസന്ധിയിലാകുമെന്ന് വന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതത്തില്‍ നിന്നും കൂടുതല്‍ പണം കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. പൊതുഅക്കൗണ്ടിലെ ശരിയായ കണക്കുകള്‍ വിലയിരുത്തി കൂടുതല്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് 4,200 കോടി കൂടി കേന്ദ്രം അനുവദിച്ചു. ഇതില്‍ 3,000 കോടി ഓണസമയത്ത് സംസ്ഥാനം കടമെടുത്തിരുന്നു. ബാക്കിയാണ് ഇപ്പോള്‍ എടുക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തിലെ കടം 25,453 കോടി രൂപയാകും.
12 സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് 19,942 കോടി രൂപ
അതേസമയം,കേരളമുള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നത് 19,942 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 4,000 കോടി രൂപ കടമെടുക്കുന്ന കര്‍ണാടകമാണ് പട്ടികയില്‍ മുന്നില്‍. 3,500 കോടി രൂപ കടമെടുക്കുന്ന പശ്ചിമ ബംഗാള്‍ തൊട്ടുപിന്നിലുണ്ട്. ആന്ധ്രാപ്രദേശ് 3,000 കോടിരൂപയും തെലങ്കാന, ബീഹാര്‍ സംസ്ഥാനങ്ങള്‍ 2,000 കോടി രൂപ വീതവും ഹരിയാന 1,500 കോടി രൂപയും കടമെടുക്കും. പഞ്ചാബ് 1,150 കോടിയും അസം 750 കോടിയും രാജസ്ഥാന്‍ 500 കോടിയും മേഘാലയ 197 കോടിയും ഗോവ 100 കോടിയും ചൊവ്വാഴ്ച കടമെടുക്കുമെന്നും റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു.