ആറുവരി പാതക്ക് 45 മീറ്റര്‍ വീതി; അടുത്ത ഡിസംബറില്‍ പൂര്‍ത്തിയാക്കും; നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി

ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കലില്‍ പുരോഗതി; പുനലൂര്‍ ബൈപാസ് വികസനത്തിന് അനുമതി

Update:2024-12-06 21:34 IST

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പണറായി വിജയന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നു. കേരള ഗതാഗത വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമീപം.

അടുത്ത 20 വര്‍ഷത്തേക്കുള്ള വികസനം മുന്നില്‍ കണ്ട് റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് കേരളം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിൽ  കേരളത്തിലെ ദേശീയ പാതയുടെ വികസനമുള്‍പ്പടെയുള്ള പദ്ധതികള്‍ സജീവ ചര്‍ച്ചയായി. ഡല്‍ഹി അക്ബര്‍ റോഡിലുള്ള കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും പങ്കെടുത്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ പ്രവര്‍ത്തന പുരോഗതി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

ഡിസംബറില്‍ പൂര്‍ത്തിയാകും

ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5,580 കോടി രൂപ ഇതുവരെ ചിലവഴിച്ചതായും മന്ത്രി പറഞ്ഞു. നിലവില്‍ ദേശീയ പാത 66ന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തുന്നുണ്ട്.

ദേശീയ പാത 66ല്‍ ചെങ്കള-നിലേശ്വരം (58.5 ശതമാനം), നീലേശ്വരം-തളിപ്പറമ്പ് (50 ശതമാനം), തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി(58.8 ശതമാനം), അഴിയൂര്‍-വെങ്കുളം (45.7 ശതമാനം), കോഴിക്കോട് ബൈപ്പാസ് (76 ശതമാനം), കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്(55 ശതമാനം), തലപ്പാടി-ചെങ്കള (74.7 ശതമാനം), രാമനാട്ടുകര-വളാഞ്ചേരി ബൈപാസ് (80 ശതമാനം), വളാഞ്ചേരി ബൈപാസ്-കരിപ്പാട് (82 ശതമാനം), കരിപ്പാട് -ത ളിക്കുളം (49.7ശതമാനം), തളിക്കുളം-കൊടുങ്ങല്ലൂര്‍ (43 ശതമാനം), പറവൂര്‍-കോട്ടുകുളങ്ങര (44.4 ശതമാനം), കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം (50 ശതമാനം), കടമ്പാട്ടുകോണം-കഴക്കൂട്ടം (35.7 ശതമാനം) എന്നിങ്ങനെയാണ് വിവിധ റീച്ചുകളിലെ നിര്‍മ്മാണ പുരോഗതി.

20 വര്‍ഷത്തേക്കുള്ള വികസനം

20 കൊല്ലം മുന്നില്‍ കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍, വികസനം തുടങ്ങിയ കാര്യങ്ങൾ മന്ത്രിസഭാ  യോഗം ചേര്‍ന്ന് സ്വീകരിക്കും. പല കാരണങ്ങളാല്‍ വൈകിയ ഏഴു പദ്ധതികള്‍ അലൈന്‍മെന്റ് പുതുക്കി നല്‍കിയത് അംഗീകരിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഈ ഏഴ് പദ്ധതികള്‍ക്കുമായി മൊത്തം 460 കിലോമീറ്റര്‍ നീളമാണുള്ളത്. മലാപ്പറമ്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം, മുണ്ടക്കയം-കുമിളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമിളി എന്നിവയാണ് ഏഴ് പദ്ധതികള്‍.

ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കല്‍

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീള്‍ഡ് ഹൈവേ ഭൂമി ഏറ്റെടുക്കല്‍ നല്ല പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. പോര്‍ട്ട് കണക്ടിവിറ്റി റോഡുകള്‍ക്കു മുന്തിയ പരിഗണന നല്‍കും. ശബരിമല സീസണില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂര്‍ ബൈപാസ് വികസനത്തിനും കേന്ദ്രമന്ത്രി അംഗീകാരം നല്‍കി. തിക്കോടിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിന് അടി പാത നിര്‍മ്മിക്കുന്നതും കേന്ദ്രമന്ത്രി അംഗീകരിച്ചു. കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള ഒമ്പത് കിലോമീറ്റര്‍  എലിവേറ്റഡ് പാത നിര്‍മ്മിക്കുന്നതിനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

Tags:    

Similar News