കേരളത്തിന്റെ കയര്‍ ഇനി യു.എസിലെ വാള്‍മാര്‍ട്ടിലും, ആദ്യ കണ്ടെയ്‌നര്‍ നാളെ; 55 ലക്ഷത്തിന്റെ ഓര്‍ഡര്‍
ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇത്തരമൊരു നേട്ടത്തിലെത്തുന്നത്
അമേരിക്കന്‍ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ടിലും ഇനി കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷനും വാള്‍മാര്‍ട്ടും ഇത് സംബന്ധിച്ച കരാറിലെത്തി. വാള്‍മാര്‍ട്ടിന്റെ വെയര്‍ഹൗസിലേക്കുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഒമ്പതിനം കയര്‍ ഉത്പന്നങ്ങള്‍ അടങ്ങിയ 55 ലക്ഷം രൂപയുടെ ഓര്‍ഡറാണ് ആദ്യ ഘട്ടത്തില്‍ കയറ്റി അയയ്ക്കുന്നത്. ആദ്യവര്‍ഷത്തില്‍ 22-23 കോടി രൂപയുടെ ഓര്‍ഡറാണ് വാള്‍മാര്‍ട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് കയര്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീഷ് ജി പണിക്കര്‍ ധനം ഓണ്‍ലൈനോട് പ്രതികരിച്ചു.
17 റൗണ്ട് ചര്‍ച്ച, 9 ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകള്‍
ഡല്‍ഹിയില്‍ നടന്ന എക്‌സിബിഷനിലാണ് വാള്‍മാര്‍ട്ട് പ്രതിനിധികള്‍ കയര്‍ കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ കാണുന്നതും താത്പര്യമറിയിക്കുന്നതും. പിന്നീട് 17 തവണ കൂടിക്കാഴ്ച നടത്തി. ഗുണമേന്മാ പരിശോധനയുടെ ഭാഗമായി ഒമ്പത് സര്‍ട്ടിഫിക്കറ്റുകളും കോര്‍പറേഷന്‍ സ്വന്തമാക്കി. വാള്‍മാര്‍ട്ടിന്റെ വിവിധ പരിശോധനകളും പൂര്‍ത്തിയാതോടെയാണ് 55 ലക്ഷം രൂപയുടെ കരാറിലെത്താന്‍ കഴിഞ്ഞത്. ആദ്യഘട്ടത്തില്‍ വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സൈറ്റ് വഴി യു.എസിലും കാനഡയിലും കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. ഈ വര്‍ഷം ഡിസംബറോടെ വാള്‍മാര്‍ട്ടിന്റെ റീട്ടെയില്‍ ഷോപ്പുകളിലും ഉത്പന്നങ്ങളെത്തും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇത്തരമൊരു നേട്ടത്തിലെത്തുന്നത്.
കൂടാതെ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് ഷോറൂം ഉദ്ഘാടനവും പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസ് ഡിവിഷനില്‍ വൈകിട്ട് 5 മണിക്ക് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.