24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

കേന്ദ്രബജറ്റില്‍ ഇത്രയും തുകയുടെ പാക്കേജ് പ്രഖ്യാപിക്കണം; വായ്പാ പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്നും കേന്ദ്രത്തോട് ധനമന്ത്രി ബാലഗോപാല്‍

Update:2024-06-22 15:46 IST

സംസ്ഥാന ധനമന്ത്രിമാരുമായുള്ള കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രീ ബഡ്ജറ്റ് യോഗത്തില്‍ കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്നു. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ സമീപം.

കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കേരളം. അടിസ്ഥാന സൗകര്യ വികസനത്തിന് കടമെടുക്കാന്‍ പാകത്തില്‍ വായ്പാപരിധി മൂന്നില്‍ നിന്ന് 3.5 ശതമാനമായി ഉയര്‍ത്തി നിശ്ചയിക്കണമെന്നും സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹിയില്‍ വിവിധ സംസ്ഥാന ധനമന്ത്രിമാരുമായി ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിഴിഞ്ഞം തുറമുഖ മേഖലയുടെ വികസനത്തിനുള്ള സംസ്ഥാന പദ്ധതി നടപ്പാക്കാന്‍ 5,000 കോടി രൂപ അനുവദിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. കോഴിക്കോട്-വയനാട് തുരങ്ക പാതക്ക് 5,000 കോടി രൂപ അനുവദിക്കണം. സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പദ്ധതിക്ക് ഏറ്റവും പെട്ടെന്ന് ക്ലിയറന്‍സ് നല്‍കണം.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവില്‍ 25 ശതമാനമായ 5,580 കോടി രൂപ കേരളം ഇതിനകം മുടക്കിയിട്ടുണ്ട്. കേരളത്തിന്റെ വായ്പാ പരിധി നിശ്ചയിക്കുന്നത് ഈ തുക ഇളവു ചെയ്തു കൊണ്ടാകണം. അഥവാ, 6,000 കോടി കൂടി നിരുപാധികം വായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു.
Tags:    

Similar News