കേന്ദ്ര നികുതിയില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക്, പ്രത്യേക ഗ്രാന്റായി ₹13,922 കോടി; കേരളത്തിന്റെ ആവശ്യങ്ങളില്‍ ധനകാര്യ കമിഷന്‍ കനിയുമോ?
അര്‍ഹമായത് കിട്ടണമെന്ന് മുഖ്യമന്ത്രി, വിഹിത വര്‍ധന തേടി പ്രതിപക്ഷവും പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍
വീതിക്കാവുന്ന കേന്ദ്രനികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വേണ്ടി വകയിരുത്തണമെന്ന ആവശ്യവുമായി കേരളം പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള(എസ്.ഡി.ആര്‍.എഫ്) കേന്ദ്രവിഹിതം 100 ശതമാനം വര്‍ധിപ്പിക്കണമെന്നും കമ്മിഷന് നല്‍കിയ നിവേദനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്ത് എസ്.ഡി.ആര്‍.എഫിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം 75ല്‍ നിന്നും 60 ശതമാനമായി കുറച്ചതും കേരളം ചൂണ്ടിക്കാട്ടി.
നികുതിയേതര വരുമാനവും പങ്കിടണം
പൊതുമേഖലാ കമ്പനികളുടെ ലാഭ വിഹിതം, സ്‌പെക്ട്രം വില്‍പന, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവയിലൂടെ വര്‍ഷംതോറും കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നികുതിയേതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധന വിഭവങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം നിര്‍ദേശിച്ചു. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി അടിയന്തരമായി നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനോട് നിര്‍ദ്ദേശിച്ചു. കേരളത്തിന് ഉപാധിരഹിത ഗ്രാന്റുകള്‍ നല്‍കണമെന്നും നിവേദനത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
റീബില്‍ഡ് കേരളക്ക് പണം വേണമെന്ന് മുഖ്യമന്ത്രി
ദുരന്തപൂര്‍വ റീബില്‍ഡ് സംവിധാനമൊരുക്കുന്നതിന് ആവശ്യമായ വിഭവം അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനാറാമത് ധനകാര്യ കമ്മിഷനെ കോവളത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഈ പ്രശ്‌നത്തില്‍ സാമ്പത്തിക സഹായത്തിനുള്ള ശുപാര്‍ശ ധനകാര്യ കമ്മീഷന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ ആഴം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ ഇവിടത്തെ ജീവിതങ്ങളെയും ഉപജീവന മാര്‍ഗത്തെയും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് 30-32 ശതമാനം വരെ
സര്‍ക്കാരിക കമ്മീഷന്‍ പറഞ്ഞതു പോലെ കാര്യങ്ങള്‍ കൂടുതല്‍ കേന്ദ്രീകൃതമാകുന്നത് കേന്ദ്രത്തിന് രക്തസമ്മര്‍ദവും സംസ്ഥാനങ്ങള്‍ക്ക് അനീമിയയും സൃഷ്ടിക്കും. അത് അഭിലഷണീയമായ കാര്യമല്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
2015 -16 മുതല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചുവെന്ന തരത്തില്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ചിലരും പറയുന്നത് നിരാശാജനകമാണ്. കേന്ദ്ര ബഡ്ജറ്റിലെ കണക്കുകള്‍ ഇതിന് വിരുദ്ധമാണെന്ന് പരിശോധിച്ചാല്‍ മനസിലാകും. വിഭവങ്ങള്‍ സംസ്ഥാനവുമായി പങ്കുവയ്ക്കുന്നത് കേന്ദ്ര വിഭവങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. സര്‍ചാര്‍ജ്, സെസ് വര്‍ധന പരിഗണിച്ചാണ് ഇത്തരമൊരു ശുപാര്‍ശ ധനകാര്യ കമ്മീഷന്‍ നല്‍കിയത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 30 മുതല്‍ 32 ശതമാനം വരെ മാത്രമാണ്. പഞ്ചവത്സര പദ്ധതികള്‍ക്കുള്ള സാധാരണ കേന്ദ്ര സഹായവും 2015 - 16 ഓടെ നിലച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പകുതി വേണമെന്ന് പ്രതിപക്ഷവും
കേരളത്തിന്റെ നികുതി വിഹിതം വര്‍ധിപ്പിക്കണമെന്ന് ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നിലവിലെ നികുതി വിഹിതം 41 ശതമാനമാണ്. ഇത് 50 ശതമാനമായി ഉയര്‍ത്തണം. വിവിധ മേഖലകളില്‍ സര്‍ചാര്‍ജും സെസും ഏര്‍പ്പെടുത്തുന്നത് കേന്ദ്രത്തിന്റെ കൗശലമാണെന്നും ഇതൊന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യ കുറഞ്ഞതിന്റെ പേരില്‍ കേരളം ശിക്ഷിക്കപ്പെടുകയാണ്. അതിന്റെ വെയിറ്റേജ് 10 ശതമാനമായി കുറക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പതിനാറാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗരിയ, അംഗങ്ങളായ ആനി ജോര്‍ജ് മാത്യു, മനോജ് പാണ്ഡ, സൗമ്യകാന്തിഘോഷ്, കമ്മീഷന്‍ സെക്രട്ടറി ഋത്വിക് പാണ്‌ഡെ, ജോയിന്റ് സെക്രട്ടറി രാഹുല്‍ ജെയിന്‍, ഡെപ്യൂട്ടി സെക്രട്ടറി അജിത്കുമാര്‍ രഞ്ജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് കുമാര്‍, ഓംപാല്‍, കുമാര്‍ വിവേക് എന്നിവരാണ് സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.