കെ-സ്‌റ്റോര്‍ വെറും ബോര്‍ഡ് മാത്രം! 3,000ല്‍പരം റേഷന്‍ കടകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍
അടുത്ത കാലത്ത് താഴു വീണത് 150 റേഷന്‍ കടകള്‍ക്ക്
സര്‍ക്കാര്‍ കമ്മിഷന്‍ വൈകുന്നതും പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും മൂലം സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സംസ്ഥാനത്തെ മൂവായിരത്തിലധികം റേഷന്‍ കടകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കേരള സ്റ്റേറ്റ് റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസാ ഹാജി പറയുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന കമീഷന്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും കൃത്യസമയത്ത് പണം ലഭ്യമാക്കുകയും ചെയ്തില്ലെങ്കില്‍ ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയ റേഷന്‍ കടകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് 150ലധികം കടകള്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അനിശ്ചിതകാല സമരത്തിലേക്ക്
സര്‍ക്കാര്‍ അനുവദിക്കുന്ന കമ്മിഷനും ഓണറേറിയവും വ്യാപാരികളുടെ കയ്യിലെത്താന്‍ കാലതാമസമുണ്ടാകുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതായി മൂസാ ഹാജി പറയുന്നു. ഓണത്തിന് കിറ്റ് വിതരണം ചെയ്തതിനുള്‍പ്പെടെയുള്ള കമ്മിഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ട് സമരം ചെയ്തിരുന്നു. നിലവില്‍ മൂന്ന് മാസത്തെ കമ്മിഷന്‍ മുടക്കമുണ്ട്. എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പ് കമ്മിഷനും ഓണറേറിയവും നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ ഭക്ഷ്യവകുപ്പും ധനവകുപ്പും പരസ്പരം പഴിചാരി നടപടികള്‍ വൈകിപ്പിക്കുകയാണ്. ഇനിയും കമ്മിഷന്‍ വൈകിയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതടക്കം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ-സ്‌റ്റോര്‍ എന്തായി
റേഷന്‍ കടകളെ നവീകരിക്കാനും വ്യാപാരികള്‍ക്ക് അധിക വരുമാനം സാധ്യമാക്കാനുമായി ഭക്ഷ്യവകുപ്പ് തുടങ്ങിയ കെ-സ്റ്റോര്‍ പദ്ധതിയെക്കുറിച്ചും വ്യാപാരികള്‍ക്ക് പരാതിയുണ്ട്. കെ-സ്റ്റോര്‍ എന്ന പേരില്‍ ഒരു ബോര്‍ഡ് മാത്രമാണ് അധികമായി റേഷന്‍ കടകളില്‍ വച്ചതെന്ന് മൂസാ ഹാജി പറയുന്നു. ശബരി ഉത്പന്നങ്ങളും അഞ്ച് കിലോയുടെ ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെ കെ-സ്‌റ്റോറില്‍ ലഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ പറഞ്ഞ സാധനങ്ങളൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വികരായി നടത്തിവന്നതിന്റെ പേരിലാണ് പലരും ഇപ്പോഴും റേഷന്‍ കടകള്‍ തുടരുന്നതെന്നും മൂസാ ഹാജി കൂട്ടിച്ചേര്‍ത്തു.
കമ്മിഷന്‍ രീതികളിലും മാറ്റം വേണം
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) യന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് 2018ലാണ് നിലവിലെ കമ്മിഷന്‍ രീതികള്‍ പരിഷ്‌കരിച്ചത്. അതിനുശേഷം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വില്‍ക്കുന്നതിന് 18,000 രൂപയാണ് നിലവില്‍ കമ്മിഷനായി അനുവദിക്കുന്നത്. 8,500 രൂപ സര്‍ക്കാര്‍ ഓണറേറിയവും വില്‍പ്പനയനുസരിച്ച് ക്വിന്റലിന് 220 രൂപ കമ്മിഷനുമാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. 45 ക്വിന്റലിന് പുറത്ത് വില്‍ക്കുന്നവര്‍ക്ക് ക്വിന്റലിന് 180 രൂപ എന്ന നിരക്കിലും ലഭിക്കും. നിരന്തരമായി ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ ആറ് വര്‍ഷമായി ഈ കമ്മിഷന്‍ വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു.