സീപ്ലെയിന്‍; 10 ജലാശയങ്ങളില്‍ ഇറങ്ങും, ഞെട്ടിക്കാന്‍ ടിക്കറ്റ് നിരക്കും, കേരളം നഷ്ടമാക്കിയത് കോടികളുടെ കേന്ദ്രസഹായം
ആദ്യം താത്പര്യം പ്രകടിപ്പിക്കാതിരുന്ന കേരളം കഴിഞ്ഞ മാസം മാത്രമാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്
കൊച്ചിയില്‍ നിന്നും ഇടുക്കിയിലെ മാട്ടുപെട്ടി ഡാമിലേക്ക് നടത്തിയ സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരമായതോടെ കൂടുതല്‍ മേഖലയിലേക്ക് സര്‍വീസ് തുടങ്ങാന്‍ ആലോചന. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ഹബ്ബുകളാക്കി മേഖലകളായി തിരിച്ചായിരിക്കും സര്‍വീസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നിയന്ത്രിക്കുക. കരയില്‍ നിന്നും ജലത്തില്‍ നിന്നും ഒരു പോലെ പറന്നുപൊങ്ങാനും ഇറങ്ങാനും കഴിയുമെന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടൂറിസം കേന്ദ്രങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താനും ആലോചനയുണ്ട്.
എന്താണ് സീ പ്ലെയിന്‍
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്. 17 സീറ്റുള്ള ഡി ഹവിലാന്‍ഡ് ട്വിന്‍ ഓട്ടര്‍ 300 വിമാനമാണ് കേരളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.
കുറഞ്ഞ നിരക്ക്
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ടൂറിസം കേന്ദ്രങ്ങളടക്കമുള്ള വിദൂരപ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാന്‍ പദ്ധതി പ്രകാരം നിരക്കുകളില്‍ ഇളവുകളുമുണ്ടാകും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലാകും ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിക്കുക.
ഗതാഗത രംഗത്ത് വലിയ മാറ്റം
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി. യാത്രാസമയത്തിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താന്‍ ഇതിനാകും. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, കുമരകം, മൂന്നാര്‍, പുന്നമട, മലമ്പുഴ ഡാം, കാസര്‍കോട്ടെ ചന്ദ്രഗിരി പുഴ തുടങ്ങിയവ വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്. സംസ്ഥാന ഹൈഡ്രോഗ്രഫിക്കല്‍ സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ 10 ജലാശയങ്ങളില്‍ സീ പ്ലെയിന്‍ ഇറക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും വകുപ്പ് സര്‍ക്കാരിന് കൈമാറി. കൂടുതല്‍ ജലാശയങ്ങള്‍ സീപ്ലെയിനിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാമെന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്രസഹായം കേരളം നഷ്ടപ്പെടുത്തി
സീപ്ലെയിനുകള്‍ക്കായി വാട്ടര്‍ എയ്‌റോഡ്രോമുകള്‍ ഒരുക്കാനുള്ള കേന്ദ്ര പദ്ധതിയില്‍ ആദ്യം താത്പര്യം പ്രകടിപ്പിക്കാതെ സാമ്പത്തിക സഹായം കേരളം നഷ്ടപ്പെടുത്തിയതായും ആക്ഷേപമുണ്ട്. രാജ്യത്ത് വാട്ടര്‍ എയറോഡ്രോമുകള്‍ തയ്യാറാക്കാന്‍ കേന്ദ്രം അഞ്ച് വര്‍ഷമായി ഉഡാന്‍ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്. ഇതില്‍ ആദ്യം താത്പര്യം പ്രകടിപ്പിക്കാതിരുന്ന കേരളം കഴിഞ്ഞ മാസം മാത്രമാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ആദ്യം മുന്നോട്ട് വന്ന സംസ്ഥാനങ്ങളിലെ 14 വാട്ടര്‍ എയ്‌റോഡ്രോമുകള്‍ക്കായി 287 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളം അപേക്ഷിക്കാത്തതിനാല്‍ കേരളത്തിന് ഒന്നും ലഭിച്ചതുമില്ല. നിലവില്‍ അഗത്തി-കൊച്ചി റൂട്ടിന് വേണ്ടി ബോള്‍ഗാട്ടിയിലാണ് വാട്ടര്‍ എയ്‌റോഡ്രോം സ്ഥാപിക്കേണ്ടത്. കേന്ദ്രസഹായം ലഭിക്കാത്തതിനാല്‍ സാമൂഹിക ആഘാത പഠനം അടക്കം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളം.
സ്‌പൈസ് ജെറ്റ്-കനേഡിയന്‍ കൂട്ടുകെട്ട്
സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന സ്‌പൈസ് ജെറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് കേരളത്തിലേത് അടക്കമുള്ള 20 സീപ്ലെയിന്‍ റൂട്ടുകള്‍. കനേഡിയന്‍ വിമാന നിര്‍മാണ കമ്പനിയായ ഡി ഹാവ്‌ലാന്‍ഡുമായി ചേര്‍ന്നാണ് സര്‍വീസ് നടത്തുക. കേരളത്തിലേതിന് മുമ്പ് കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും സമാനമായ പരീക്ഷണങ്ങള്‍ സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു. 2020ല്‍ ഇന്ത്യയിലെ ആദ്യത്തെ സീ പ്ലെയിന്‍ സര്‍വീസ് സബര്‍മതി നദിയില്‍ നിന്നും ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്ക് ആരംഭിച്ചതും സ്‌പൈസ് ജെറ്റാണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം സര്‍വീസ് മുടങ്ങുകയായിരുന്നു.