വിനോദസഞ്ചാരികള്‍ കൂടുന്നു; കേരളാ ടൂറിസത്തിന് ഉണര്‍വെന്ന് മന്ത്രി റിയാസ്

എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി

Update: 2023-09-12 12:37 GMT

image: @keralatourism.org/

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ 2023ന്റെ ആദ്യ പകുതിയില്‍ (ജനുവരി-ജൂൺ) ആഭ്യന്തര-അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 20.1% വര്‍ധിച്ചു. ഈ വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 1.06 കോടി ആഭ്യന്തര വിനോദസഞ്ചാരികളാണ് സംസ്ഥാനത്തേക്ക് എത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 88.9 ലക്ഷം പേരായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ വരവിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. 2023ന്റെ ആദ്യ പകുതിയില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2.87 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.05 ലക്ഷം പേര്‍ ആയിരുന്നു. ഇതില്‍ 171.55% വര്‍ധനയാണുണ്ടായത്.

കേരളത്തിന്റെ ടൂറിസം വരുമാനം 2020 മുതല്‍ 2022 വരെ സ്ഥിരതയാര്‍ന്ന ഉയര്‍ച്ചയുടെ പാതയിലായിരുന്നു. 2022ല്‍ ടൂറിസം മേഖല 35,168.42 കോടി രൂപയുടെ വരുമാനം നേടി. 2021ല്‍ ഇത് 12,285.91 കോടി രൂപയും 2020ല്‍ ഇത് 11,335.96 കോടി രൂപയുമായിരുന്നു.

എറണാകുളം ജില്ല മുന്നില്‍

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പിന്നാലെ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനം ശക്തമായ സുരക്ഷാ നടപടികളും ശുചിത്വ പ്രോട്ടോക്കോളുകളും നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം സഞ്ചാരികളുടെ വരവ് ഉയരാൻ കാരണമായി. 22.1 ലക്ഷം സന്ദര്‍ശകരുടെ ശ്രദ്ധേയമായ കണക്ക് രേഖപ്പെടുത്തി എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ ഇടുക്കി (18,01,502), തിരുവനന്തപുരം (17.21 ലക്ഷം), തൃശൂര്‍ (11.67 ലക്ഷം), വയനാട് (8.71 ലക്ഷം), കോഴിക്കോട് (6.74ലക്ഷം).

Tags:    

Similar News