ക്രൂസ് ടൂറിസത്തില്‍ ഒരു കൈ നോക്കാന്‍ കേരളം

31 ക്രൂസ് കപ്പലുകളിലൂടെ 36,403 സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ എത്തിയത്

Update:2023-08-05 15:25 IST

Image courtesy: canva

സംസ്ഥാനം വിവിധ തരം ടൂറിസം സാധ്യതകള്‍ തേടി പോകുമ്പോള്‍ വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കേന്ദ്രം. ക്രൂസ് ടൂറിസം. ഇത് സംസ്ഥാനത്ത് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ക്രൂസ് ടൂറിസത്തില്‍ ക്രൂസ് ഷിപ്പില്‍ ഒരു ചെറുവീട് തന്നെയാണ് ഓരോ യാത്രികനും ലഭിക്കുക. അടുക്കളയും ഡൈനിംഗ് ഹാളും ശുചിമുറിയും ബെഡ്റൂമും പ്രത്യേകം ലഭിക്കും.

ഇതുകൂടാതെ പൊതുവായി ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, ഡാന്‍സ് ഫ്ളോര്‍, ബാര്‍ ഇതൊക്കെയും ഈ ആഡംബര കപ്പലിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ടാവും. കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കയര്‍, റബര്‍, നാളികേര, സ്പൈസസ് ബോര്‍ഡുകളും, ആയുഷ്, തുടങ്ങിയവയുടെ സ്റ്റാളുകളും ആരംഭിക്കാം.

കൊച്ചിയിലെ ക്രൂസ് കപ്പലുകള്‍

നിലവില്‍ കൊച്ചിയില്‍ ക്രൂസ് കപ്പലുകള്‍ എത്തുന്നുണ്ട്. ലോക പ്രശസ്ത ആഡംബര കപ്പലുകളായ മിനര്‍വ, ക്വീന്‍ എലിസബത്ത് രണ്ട്, സോംഗ് ഓഫ് ഫ്ളവര്‍ തുടങ്ങിയവയെല്ലാം കൊച്ചിയിലെത്തിയിട്ടുണ്ട്. ക്രൂസ് ഷിപ്പുകളെ സ്വീകരിക്കുന്നതിലുപരി കൊച്ചി കേന്ദ്രമാക്കി ക്രൂസ് ഷിപ്പുകള്‍ ആരംഭിച്ചിട്ടുമുണ്ട്. സൈപ്രസ് കേന്ദ്രമാക്കിയുള്ള ലൂയിസ് ക്രൂസ് ലൈന്‍സ് കൊച്ചിയില്‍ നിന്ന് ക്രൂസ് ടൂറിസം ആരംഭിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനോടൊപ്പം ക്രൂസ് ടൂറിസം ഹബ്ബ് സ്ഥാപിക്കാന്‍ സംസ്ഥാന തുറമുഖ വകുപ്പ് നേരത്തെ തന്നെ പദ്ധതി തയാറാക്കാന്‍ ഉദ്ദേശിച്ചിരുന്നു. തുറമുഖത്ത് സാഗരിക ക്രൂസ് ടെര്‍മിനല്‍ എന്ന പേരില്‍ 13.76 ഏക്കറില്‍ പദ്ധതികള്‍ വരുന്നുമുണ്ട്. കൊച്ചിയേക്കാള്‍ സാധ്യത വിഴിഞ്ഞത്തിനുണ്ടെന്ന് കണക്കാക്കി പൊതു-സ്വകാര്യ പങ്കാല്‍ത്തിലോ ഭൂമി പാട്ട മാതൃകയിലോ ആണ് ഇവിടെ പദ്ധതി വിഭാവനം ചെയ്യുന്നത്.

മറ്റിടങ്ങളിലും സാധ്യത

ക്രൂസ് ടൂറിസത്തില്‍ ദേശീയ ജലപാത ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിന്റെ ഗുണമുണ്ടാകും. ആലപ്പുഴ-കോട്ടയം-തൃശൂര്‍-കോഴിക്കോട് വഴി ദേശീയ ജലപാതയിലൂടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ജലയാത്രയും വിഭാവനം ചെയ്യാനാകും. വര്‍ക്കലയിലെ കനാല്‍ ഗതാഗത യോഗ്യമാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. കോവളം മുതല്‍ ബേക്കല്‍ വരെ 616 കിലോമീറ്റര്‍ ജലപാതയില്‍ ആക്കുളം മുതല്‍ വര്‍ക്കല വരെ ആഴം കൂട്ടുന്ന ജോലികള്‍ നടന്നുവരുന്നുണ്ട്.

31 ക്രൂസ് കപ്പലുകള്‍ കൊച്ചിയില്‍

വിദേശ സഞ്ചാരികളില്‍ നിന്ന് നികുതി ഇനത്തില്‍ മാത്രം നല്ലൊരു തുക സംസ്ഥാനത്തിന് നേടാനാകും. കഴിഞ്ഞ വര്‍ഷം 31 ക്രൂസ് കപ്പലുകളിലൂടെ 36,403 സഞ്ചാരികളാണ് കൊച്ചിയില്‍ എത്തിയതെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. ഇതില്‍ 16 അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച ആഡംബര കപ്പലുകളുണ്ടായിരുന്നു. ഈ വര്‍ഷം 21 ആഡംബര കപ്പലുകള്‍ എത്തുമെന്നാണ് വിവരം. താമസ സൗകര്യവും ഹോട്ടലുകളും എക്സിബിഷന്‍-കണ്‍വന്‍ഷന്‍ സെന്ററുകളും ആയുര്‍വേദ ഹെല്‍ത്ത് സ്പാകള്‍, വിവിധ സ്റ്റാളുകളും ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് ഒരുക്കാന്‍ കഴിയും. ഈ സൗകര്യങ്ങള്‍ അവര്‍ ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട വരുമാനം ലഭിക്കും.


Tags:    

Similar News