കേരളത്തില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഈ അതിമനോഹര സ്ഥലങ്ങളിലേക്ക് യാത്ര; ടൂറിസം പാക്കേജുമായി ഐ.ആര്‍.സി.ടി.സി

ഹിമാലയന്‍ താഴ് വരയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍ കാണാന്‍ യാത്രികരെ സഹായിക്കുന്നതാണ് പാക്കേജ്

Update:2024-08-19 15:18 IST

Image Courtesy: Canva

ഉത്തരാഖണ്ഡിലെ പ്രശസ്തമായ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള പാക്കേജ് അവതരിപ്പിച്ച് ഐ.ആര്‍.സി.ടി.സി. വിമാനയാത്രാ പാക്കേജാണ് ഐ.ആര്‍.സി.ടി.സി അവതരിപ്പിച്ചിരിക്കുന്നത്. 13 ദിവസം നീണ്ടുനില്‍ക്കുന്നതാണ് യാത്രാ പാക്കേജ്.
ചാര്‍ധാം തീര്‍ത്ഥാടന സ്ഥലങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയും ഹരിദ്വാര്‍, ഋഷികേശ് എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നതാണ് യാത്ര. വര്‍ഷത്തില്‍ ആറ് മാസം മാത്രം നടക്കുന്ന ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളിലൂടെയുളള തീര്‍ത്ഥാടനമാണ് പ്രശസ്തമായ ചാര്‍ധാം യാത്ര.

പാക്കേജില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബര്‍ 24 നാണ് യാത്ര ആരംഭിക്കുക. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, യാത്രകള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍, ഹോട്ടലുകളിലെ താമസം, മൂന്നു നേരം ഭക്ഷണം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനങ്ങള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജാണ് ഐ.ആര്‍.സി.ടി.സി വാഗ്ദാനം ചെയ്യുന്നത്.
ഒരാള്‍ക്ക് 64,450 രൂപ നിരക്കിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ബുക്കിങ് നടത്തുന്നതിനും 8547845881 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
ഹിമാലയന്‍ താഴ് വരയിലെ ആകര്‍ഷകമായ സ്ഥലങ്ങള്‍ കാണാനും പരിചയപ്പെടാനും യാത്രികരെ സഹായിക്കുന്നതാണ് യാത്രാ പാക്കേജ്. ഉത്തരാഖണ്ഡിലെ മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും യാത്രയുടെ ഭാഗമായി സന്ദര്‍ശിക്കാന്‍ സാധിക്കും.
Tags:    

Similar News