കെ.എസ്.ഇ.ബിയെ 'നിര്‍ത്തിപ്പൊരിച്ച്' സോളാര്‍ ഉത്പാദകര്‍; വിശദീകരണം ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നതെന്ന് ആരോപണം

Update:2024-05-16 13:36 IST

Image: Canva

സോളാര്‍ ഉത്പാദകരെ പിഴിയുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരേ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പില്‍ രൂക്ഷവിമര്‍ശനം. സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന മിച്ചവൈദ്യുതിക്ക് പണംനല്‍കാതെ അവരോട് അടുത്ത ബില്ലിന് പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ. ജോസും വ്യക്തമാക്കി.
വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ബോര്‍ഡിന്റെ അഭ്യര്‍ത്ഥന കമ്മീഷന്‍ അംഗീകരിച്ചു. തെളിവെടുപ്പില്‍ പങ്കെടുത്തവരെല്ലാം കെ.എസ്.ഇ.ബിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ആളുകളെ തടയുമെന്ന ആശങ്ക രേഖപ്പെടുത്തി.
ബോര്‍ഡിന് സോളാറില്‍ അനാസ്ഥ
സോളാര്‍ പാനലുകള്‍ വ്യാപകമായാല്‍ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക മൂലം കെ.എസ്.ഇ.ബി അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ വലിയ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണം പലരും ഉയര്‍ത്തി. മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ സോളാര്‍ പദ്ധതികള്‍ക്ക് നല്‍കുന്ന അനുകൂല നയത്തിന് എതിരാണെന്നും വിമര്‍ശനമുയര്‍ന്നു.
സോളാര്‍ വൈദ്യുതിയുടെ വാര്‍ഷിക സെറ്റില്‍മെന്റ് സെപ്റ്റംബറില്‍ നിന്ന് മാറ്റിയത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരും. ഇക്കാര്യത്തില്‍ ഉത്പാദകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും വിശദമായ കൂടിയാലോചനകള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വാര്‍ഷിക സെറ്റില്‍മെന്റ് മാറ്റിയതോടെ മിച്ചവൈദ്യുതി വേനല്‍ക്കാലത്ത് ഉപയോഗിക്കാനുള്ള അവസരം ഉത്പാദകര്‍ക്ക് നഷ്ടമായിരുന്നു. മാത്രമല്ല വലിയ ബില്ല് അടയ്‌ക്കേണ്ട അവസ്ഥയും സംജാതമായി.
ട്രാന്‍സ്ഫോമറിന്റെ ശേഷിയുടെ 90 ശതമാനം സോളാര്‍ പ്ലാന്റുകള്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനോട് വിയോജിച്ച ബോര്‍ഡ്, നിലവിലുള്ള 75 ശതമാനം മതിയെന്ന് വാദിച്ചു.
സോളാര്‍ പ്ലാന്റുകള്‍ വ്യാപകമാകുന്നതോടെ ബോര്‍ഡിനുണ്ടാകുന്ന സാങ്കേതിക, വാണിജ്യപ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി ജൂണ്‍ 10നകം റിപ്പോര്‍ട്ട് നല്‍കും. അതുവരെ സമയം വേണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടത് കമ്മിഷന്‍ അംഗീകരിച്ചു. തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ 10 ദിവസംകൂടി അനുവദിച്ചു. സോളാര്‍ ഉത്പാദകരുടെ പുതിയ സംഘടനയുടെ അഭിഭാഷകനും തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.
Tags:    

Similar News