തീരത്തുള്ളത് രണ്ട് ലക്ഷം ടണ്‍ തോറിയം, ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്
കൊല്ലം ചവറയിലും സമീപപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്ക്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ആണവ നിലയം സ്ഥാപിക്കുന്ന നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ കേരള തീരത്ത് സുലഭമായ തോറിയം ഉപയോഗിച്ച് ആണവനിലയം സ്ഥാപിക്കാനാണ് നീക്കം. തോറിയം നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിശദീകരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ആലോചനകള്‍ കെ.എസ്.ഇ.ബി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിവസം 70 ദശലക്ഷം യൂണിറ്റാണ് കേരളത്തിന്റെ ശരാശരി വൈദ്യുത ഉപയോഗം. ഇതില്‍ 20 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലവൈദ്യുതിയിലൂടെ കണ്ടെത്തുന്നത്. ബാക്കി മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്. വിപണിയില്‍ നിന്നും യൂണിറ്റിന് 3.08 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി നിലവില്‍ 5.38 രൂപയാണ്. വിതരണം ചെയ്യുമ്പോള്‍ ചെലവ് നാല് രൂപ വരെ വര്‍ധിക്കുകയും ചെയ്യും. സോളാര്‍ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും സ്‌റ്റോറേജ് സംവിധാനങ്ങള്‍ക്ക് വലിയ തുകയാണ് വേണ്ടിവരുന്നത്. തുടര്‍ന്നാണ് കേരളം ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചത്. കെ.എസ്.ഇ.ബി.യുടെ ആകെ ചെലവില്‍ 15,000 കോടിയും ചെലവിടുന്നത് വൈദ്യുതി വാങ്ങാനാണ്. ഇത് നിരക്ക് വര്‍ധനയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് വന്‍ ജനരോഷമുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നുമുണ്ട്.
ലോകത്തിലെ തോറിയത്തിന്റെ 90 ശതമാനവും ഇന്ത്യയില്‍
ലോകത്തിലെ ആകെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. ഇതില്‍ കൊല്ലം ചവറയിലും സമീപപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്ക്. ആകെ നിക്ഷേപത്തിന്റെ 30 ശതമാനമാണ് കേരളത്തിലുള്ളത്. കായംകുളത്ത് എന്‍.ടി.പി.സിയുടെ 1,180 ഏക്കര്‍ സ്ഥലത്ത് 600 ഏക്കറില്‍ തോറിയം നിലയം സ്ഥാപിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച തോറിയം അധിഷ്ഠിത വൈദ്യുതനിലയത്തിന്റെ മാതൃകയില്‍ കേരളത്തിലും വൈദ്യുത ഉത്പാദനം ആരംഭിക്കാനാണ് നീക്കം. കല്‍പ്പാക്കം നിലയത്തിലെ അഡ്വാന്‍ഡ്‌സ് ഹെവി വാട്ടര്‍ റിയാക്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തോറിയം നിലയങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. തോറിയത്തിന്റെ നിലവാരം, സുരക്ഷ, ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയ പരിശോധനകള്‍ അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.
തോറിയം ഉപയോഗിച്ച് നേരിട്ട് വൈദ്യുത ഉത്പാദനം സാധ്യമല്ല. ഇതിനെ യുറേനിയം 233 ആയി മാറ്റിയ ശേഷമാണ് ആണവ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടാത്തതിനാല്‍ ശുദ്ധമായ ഊര്‍ജ്ജരൂപമായാണ് തോറിയത്തെ പരിഗണിക്കുന്നത്.