മലയാളി സ്ഥാപിച്ച ഹോട്ടല്‍ ശൃംഖല ഐ.പി.ഒയ്ക്ക്; ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്‍ ഓഹരിവില്പന

ഇന്ത്യയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തു നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒയാകും സംഭവിക്കുക

Update:2024-09-21 16:56 IST

Image Courtesy: www.theleela.com, canva

കാനഡ ആസ്ഥാനമായുള്ള ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഷ്‌ളോസ് ബാംഗ്ലൂര്‍ (Schloss Bangalore) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. 5,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) അപേക്ഷ സമര്‍പ്പിച്ചു.

 ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര ബ്രാന്‍ഡായ ദ ലീല ഹോട്ടല്‍സിന്റെ ഉടമസ്ഥരാണ് ഷ്‌ളോസ് ബാംഗ്ലൂര്‍. ഐ.പി.ഒ വഴി 3,000 കോടി രൂപയുടെ പുതിയ ഓഹരികളും 2,000 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഉണ്ടാകുക.
1986ല്‍ മലയാളിയായ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായരാണ് ലീല ഗ്രൂപ്പ് ഹോട്ടല്‍ ശൃംഖലയ്ക്ക് തുടക്കമിടുന്നത്. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോട്ടല്‍ വ്യവസായത്തിന്റെ ഉടമസ്ഥാവകാശം വില്‍ക്കുകയായിരുന്നു. ഷ്‌ളോസ് ബാംഗ്ലൂര്‍ എന്ന പേരിലാണ് ബ്രൂക്ക്ഫീല്‍ഡ് അസെറ്റ് മാനേജ്‌മെന്റ് ലീല ഹോട്ടല്‍സ് നടത്തുന്നത്.

ലക്ഷ്യം കടംവീട്ടല്‍

ഇന്ത്യയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തു നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒയാകും ലീല ഹോട്ടല്‍സിന്റേത്. ഓഹരി വില്പനയിലൂടെ ലഭിക്കുന്ന തുക കടംവീട്ടുന്നതിനും മറ്റ് വിപുലീകരണ പദ്ധതികള്‍ക്കുമാകും ഉപയോഗിക്കുക. 2024 മേയ് വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ കടം 4,052.5 കോടി രൂപയാണ്.
2023-24 സാമ്പത്തികവര്‍ഷം ഷ്‌ളോസ് ബാംഗ്ലൂര്‍ 2.1 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ 61.7 കോടി രൂപയുമായി തട്ടിച്ചു നോക്കുമ്പോള്‍ നഷ്ടത്തില്‍ വലിയ കുറവു വരുത്താന്‍ കമ്പനിക്ക് സാധിച്ചു. 2019ലാണ് ബ്രൂക്ക്ഫീല്‍ഡ് ഡല്‍ഹി, ബംഗളൂരു, ഉദയ്പൂര്‍ ചെന്നൈ എന്നിവിടങ്ങളിലെ ലീല ഗ്രൂപ്പിന്റെ ആസ്തികള്‍ സ്വന്തമാക്കുന്നത്.
Tags:    

Similar News