എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; നാലു മാസത്തിനിടെ 157 രൂപയുടെ വര്‍ധന

രാജ്യത്തെ മെട്രോ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് 2000 രൂപയ്ക്ക് അടുത്തെത്തി

Update:2024-11-01 09:57 IST

Image : Canva

രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കൂട്ടി എണ്ണ കമ്പനികള്‍. 19 കിലോഗ്രാം സിലിണ്ടറിന് മെട്രോ നഗരങ്ങളില്‍ വര്‍ധിച്ചത് 62 രൂപയാണ്. ഇന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എല്‍.പി.ജി വിലയില്‍ മാറ്റം വരുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. ഓഗസ്റ്റ് മുതല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ വര്‍ധന ഉണ്ടായിട്ടില്ല.

മെട്രോ നഗരങ്ങളില്‍ വില കൂടും

രാജ്യത്തെ മെട്രോ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് 2000 രൂപയ്ക്ക് അടുത്തെത്തി. കൊല്‍ക്കത്തയില്‍ വില 1,900 രൂപയ്ക്ക് മുകളിലാണ്. ഡല്‍ഹിയിലും മുംബൈയിലും 1,750 രൂപയിലാണ് വാണിജ്യ സിലിണ്ടര്‍ വില. 1,810 രൂപയാണ് എറണാകുളത്തെ പുതുക്കിയ വില. മറ്റ് ജില്ലകളില്‍ ചെറിയ വ്യത്യാസമുണ്ടാകും. 4 മാസത്തിനിടെ 157 രൂപയുടെ വര്‍ധയാണ് ഉണ്ടായിരിക്കുന്നത്.

ഹോട്ടലുകള്‍ക്ക് തിരിച്ചടി

വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടുന്നത് ഹോട്ടല്‍ നടത്തിപ്പുകാരെയും കേറ്ററിംഗ് സര്‍വീസ് നടത്തുന്നവരെയും ഗുരുതരമായി ബാധിക്കും. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ സിലിണ്ടര്‍ വിലയില്‍ മാത്രം 157 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് ഹോട്ടലുടമകള്‍.
Tags:    

Similar News