മണ്‍സൂണ്‍ 7 ന് എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ജൂണ്‍ 6 മുതല്‍ 9 വരെ 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ മണ്‍സൂണ്‍ 7 ന് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ജൂണ്‍ നാലിന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നത്.
കേരളത്തിലും ലക്ഷദ്വീപിലും
ജൂണ്‍ 6 മുതല്‍ 9 വരെ കേരളത്തിലും ജൂണ്‍ 5 മുതല്‍ 9 വരെ ലക്ഷദ്വീപിലും 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് പറയുന്നു. പ്രത്യേകിച്ച് ജൂണ്‍ 7 മുതല്‍ 9 വരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത (24 മണിക്കൂറില്‍ 7- 11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്.
അനുകൂല സാഹചര്യങ്ങള്‍
അടുത്ത മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് ഉള്ളതെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു. 2022ല്‍ മെയ് 29ലും, 2021ല്‍ ജൂണ്‍ 3നും, 2020ല്‍ ജൂണ്‍ 1നുമാണ് മണ്‍സൂണ്‍ മഴ എത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മണ്‍സൂണ്‍ എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയായിട്ടില്ല.