രാജ്യത്ത് മൊബൈല്‍ കണക്ടിവിറ്റിയില്ലാതെ കാല്‍ലക്ഷത്തിലേറെ ഗ്രാമങ്ങള്‍

കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ കണക്ടിവിറ്റി ലഭ്യം

Update:2022-02-08 15:55 IST

വന്‍കാടുകള്‍ക്ക് നടുവിലും മരുഭൂമിയിലും വീഡിയോ കാണാന്‍ പോലും സാധ്യമാകുന്ന കണക്ടിവിറ്റിയൊക്കെ പരസ്യങ്ങളിലേ ഉള്ളൂവെന്ന് തെളിയിച്ച് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍. രാജ്യത്തെ 25000ത്തിലേറെ ഗ്രാമങ്ങളില്‍ മൊബൈല്‍ കണക്ടിവിറ്റിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2011 ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തുള്ള 5,97,618 ആള്‍താമസമുള്ള വില്ലേജുകളില്‍ 25067 ഗ്രാമങ്ങളിലും മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ല.

ഒഡിഷയിലാണ് മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത ഗ്രാമങ്ങളിലേറെയും. ഏതാനും ആഴ്ച മുമ്പ് 
മൊബൈല്‍
 കണക്ടിവിറ്റി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഒരു ഗ്രാമത്തിലെ ആളുകള്‍ അടുത്തു വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഒഡിഷയിലെ 6099 ഗ്രാമങ്ങളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകാതെ ഒറ്റപ്പെട്ടിരിക്കുന്നത്. അതേസമയം മധ്യപ്രദേശിലെ 2612 ഗ്രാമങ്ങളിലും മഹാരാഷ്ട്രയിലെ 2328 ഗ്രാമങ്ങളിലും മൊബൈല്‍ കണക്ടിവിറ്റി ലഭ്യമല്ല.
2018 ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 43088 ഗ്രാമങ്ങളിലാണ് കണക്ടിവിറ്റി ഇല്ലാതിരുന്നത്. 2020 ആയപ്പോഴേക്കും ഇത്തരം ഗ്രാമങ്ങളുടെ എണ്ണം 27721 എണ്ണമായി കുറഞ്ഞിരുന്നു.
അതേസമയം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ കണക്ടിവിറ്റി ലഭിക്കുന്നുണ്ട്. കേരളത്തിന് പുറമേ ചണ്ഡീഗഡ്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദമന്‍ ദിയു, ദല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലും മുഴുവന്‍ ഗ്രാമങ്ങളലും മൊബൈല്‍ കണക്ടിവിറ്റിയുണ്ട്.
യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) പദ്ധതി പ്രകാരം കണക്ടിവിറ്റിയില്ലാത്ത 7287 ഗ്രാമങ്ങളില്‍ 4ജി കണക്ടിവിറ്റി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ 6466 കോടി രൂപ നീക്കി വെച്ചിരുന്നു.


Tags:    

Similar News