വിവാഹ മോചനത്തില്‍ കേരളം ഒന്നാംസ്ഥാനത്തേക്കോ? ജനസംഖ്യയും കുറയുമോ?

കേരളത്തിലെ 30 ശതമാനം സ്‌കൂളുകളും കോളേജുകളും ഏറെ വൈകാതെ അടച്ചുപൂട്ടേണ്ടി വരുമെന്നും പ്രവചനം

Update:2023-05-15 10:48 IST

Image : Canva /FB

അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കകം കേരളം നേരിടുക അതീവ നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും 30 ശതമാനത്തോളം അടച്ചുപൂട്ടുന്നതും നമ്മുടെ നഗരങ്ങളില്‍പ്പോലും വന്യമൃഗങ്ങള്‍ വിഹരിക്കാന്‍ തുടങ്ങുമെന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് കേരളം സാക്ഷിയായേക്കുക.

പ്രവചനം മറ്റാരുടേയുമല്ല, മുരളി തുമ്മാരുകുടിയുടേത് തന്നെ. ബോട്ട് ദുരന്തവും ആശുപത്രി കൊലപാതകവും യു.എ.ഇയിലേക്കുള്ള പാകിസ്ഥാനി മാമ്പഴത്തിന്റെ വരവും മുന്‍കൂട്ടി പ്രവചിച്ച് അടുത്തിടെ തുമ്മാരുകുടി ശ്രദ്ധാകേന്ദ്രമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം കൂടുതല്‍ പ്രവചനങ്ങളുമായി രംഗത്തെത്തിയത്
കേരളത്തിലെ രാഷ്രീയ -സാമൂഹ്യ -സാമ്പത്തിക മേഖലകളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് ദുരന്തര നിവാരണം വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യമായ ചരിത്രമാണ് സമീപകാലത്തുണ്ടായത്.
ഇതുവരെയുള്ള പ്രവചനങ്ങളില്‍ ഫ്‌ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴേക്കു പോക്കും മാത്രമാണ് നടക്കാനുള്ളതെന്ന് പറയുന്ന അദ്ദേഹം 2023 ആകുന്നതോടെ കേരളത്തില്‍ സംഭവിച്ചേക്കാവുന്ന പത്ത് കാര്യങ്ങളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രവചിച്ചിരിക്കുന്നത്.
കേരളത്തിലെ വിവാഹമോചന നിരക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്തിരട്ടിയാകുമെന്നതാണ് പ്രവചനങ്ങളിലെ ഒരു പ്രധാന കാര്യം. വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനം കേരളത്തിനായിരിക്കുമത്രേ.
കേരളത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. 2021 ല്‍ ഇന്ത്യയൊട്ടാകെ നടന്ന 23.43 ലക്ഷം വിവാഹമോചനങ്ങളില്‍ 1.96 ലക്ഷവും ചെറിയ സംസ്ഥാനമായ കേരളത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുരളി തുമ്മാരുകുടിയുടെ പത്തു പ്രവചനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും.

2. കേരളത്തിലെ ഡിവോഴ്‌സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയില്‍ # 1 ആകും.
3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാകും.
4. പെന്‍ഷന്‍ പ്രായം അറുപതിന് മുകളില്‍ പോകും.
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയര്‍മെന്റ് ഹോം ഉണ്ടാകും.
6. പെരുമ്പാവൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വന്യമൃഗങ്ങള്‍ എത്തും.
7. കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും.
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും.
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും.
10. കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.
2030 ല്‍ കെ.എസ്.ആര്‍.ടി.സി ഉണ്ടാകുമോ? മുല്ലപ്പെരിയാര്‍ പൊട്ടുമോ തുടങ്ങി നിരവധി രസകരമായ കമന്റുകളും അദ്ദേഹത്തിന്റെ പോസ്റ്റിനടയില്‍ വരുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

Full View


Tags:    

Similar News