ചെന്നൈ-കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത്; ടെര്‍മിനല്‍ സ്‌റ്റേഷനാകാനൊരുങ്ങി കോട്ടയം
എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആയിരിക്കും ഇത്
ചെന്നൈ-കോട്ടയം റൂട്ടില്‍ സതേണ്‍ റെയ്ല്‍വേ പുതിയ വന്ദേഭാരത് ട്രെയ്ന്‍ ശുപാര്‍ശ ചെയ്തതായി ഓൺ മനോരമ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലേക്ക് കോട്ടയത്തു നിന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയാല്‍ അത് കോട്ടയം ടെര്‍മിനല്‍ സ്‌റ്റേഷനാകുന്നതിലേക്കുള്ള വലിയ ചുവടുവയ്പാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Also Read : ഏറനാട് എക്‌സ്പ്രസ് ഇനി നാഗര്‍കോവിലിലേക്കില്ല; സമയമാറ്റത്തില്‍ അനിശ്ചിതത്വം, ചെന്നൈ വെള്ളപ്പൊക്ക പശ്ചാത്തലത്തില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു
പാതയിരട്ടിപ്പിക്കലും പ്ലാറ്റ്‌ഫോമുകളും എണ്ണം കൂട്ടലും കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ സ്‌റ്റേഷനായി കോട്ടയത്തെ ഇതുവരെ മാറ്റിയിട്ടില്ല. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്.
നിലവില്‍ കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ഒരേ ഒരു എക്‌സ്പ്രസ് ട്രെയ്ന്‍ നിലംബൂര്‍ എക്‌സപ്രസ് ആണ്. പാസഞ്ചര്‍ ട്രെയ്‌നായി കണക്കാക്കിയിരുന്ന ഈ ട്രെയ്ന്‍ കോട്ടയത്തു നിന്ന് എറണാകുളത്ത് എത്തി അവിടെ നിന്നാണ് എക്‌സ്പ്രസ് ട്രെയ്ന്‍ ആയി ഓടിയിരുന്നത്. ഇപ്പോള്‍ പൂര്‍ണമായും കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് സര്‍വീസ് ആയി മാറിയിട്ടുണ്ട്. പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി ടെർമിനൽ സ്റ്റേഷൻ എന്നതിലേക്ക് കോട്ടയം സ്റ്റേഷൻ മാറ്റാനുള്ള സാധ്യതയേറും.
ചെന്നൈ വന്ദേഭാരത്
എട്ട് കോച്ചുകളുള്ള വന്ദേഭാരത് ആണ് ചെന്നൈ-കോട്ടയം റൂട്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്‌ഫോം 3, 4 കളിലായി ഈ ട്രെയ്ന്‍ വൃത്തിയാക്കാനും വെള്ളം നിറയ്ക്കാനുമുള്ള സൗകര്യമുണ്ടാകും. രണ്ടര മണിക്കൂര്‍ കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. പ്ലാറ്റ്‌ഫോം നമ്പര്‍ 1എ, 5 എന്നിവയില്‍ കൂടി ഈ സൗകര്യങ്ങളെത്തുന്നതോടെ കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ഇവിടെ നിന്ന് ആരംഭിക്കാമെന്നാണ് കരുതുന്നത്.
സ്‌പെഷ്യല്‍ വന്ദേഭാരത്
കോട്ടയം വഴി മറ്റൊരു വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസിനു കൂടി ശുപാര്‍ശയുണ്ട്. ശബരിമല തീര്‍ത്ഥാടന സമയം കണക്കിലെടുത്താണ് ഈ സ്‌പെഷ്യല്‍ സര്‍വീസ് ഉള്‍പ്പെടുത്തുക. ഈ പുതിയ സര്‍വീസിന് ഉടൻ പച്ചക്കൊടി ലഭിച്ചാല്‍ കോട്ടയം വഴിയുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയ്ന്‍ സര്‍വീസ് ആയിരിക്കും ഇത്.
ശബരിമല സീസണ്‍ സ്‌പെഷല്‍ സര്‍വീസ് ഇങ്ങനെ
ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 29 വരെയുള്ള സ്‌പെഷല്‍ സര്‍വീസിനാണു ശുപാര്‍ശ. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് ഉച്ചയ്ക്ക് 2ന് ട്രെയ്ന്‍ പുറപ്പെടും. രാത്രി 11ഓടെ കോട്ടയം സ്റ്റേഷനിലെത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കോട്ടയത്തു നിന്നു രാവിലെ 4ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് ചെന്നൈയില്‍ എത്തും. 9 മണിക്കൂറാണ് യാത്രാ സമയം.
വ്യാഴാഴ്ചകളില്‍ ഈ ട്രെയ്ന്‍ തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.15നു ആരംഭിച്ച് ഉച്ചയ്ക്ക് 1.20നു കാസര്‍ഗോഡെത്തും . കാസര്‍ഗോഡ് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40 ന് തിരുവനന്തപുരത്ത് എത്തും. ഈ മാസം 30 മുതല്‍ 2024 ജനുവരി 25 വരെയാണു സര്‍വീസിനു ശുപാര്‍ശ. ശുപാര്‍ശ അംഗീകരിച്ച് അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.