ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 19, 2021

കോവിഡ് വന്നാല്‍ വാക്സിന്‍ മൂന്നുമാസത്തിനുശേഷം മാത്രം. രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ എന്‍ ബാലഗോപാല്‍ പുതിയ ധനമന്ത്രി, വ്യവസായം പി. രാജീവിന്, ആരോഗ്യം വീണാ ജോര്‍ജിന്. കോടിയേരി ദേശാഭിമാനി ചീഫ് എഡിറ്ററായേക്കും. ലോക്ഡൗണുകള്‍ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതെയും ബാധിച്ചെന്ന് ആര്‍ബിഐ. ബിറ്റ്‌കോയിന്‍ 38000 ഡോളറിലേക്ക്. വിപണിയില്‍ ലാഭമെടുപ്പ്, സൂചികകള്‍ താഴ്ന്നു. നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-05-19 15:05 GMT

ലോക്ഡൗണുകള്‍ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതെയും ബാധിച്ചെന്ന് ആര്‍ബിഐ

രണ്ടാം വരവിലെ കോവിഡ് പ്രതിസന്ധിയും അത് മൂലമുള്ള ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക്. മെയ് മാസത്തിലെ ആര്‍.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ താഴ്ന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെ എന്‍ ബാലഗോപാല്‍ പുതിയ ധനമന്ത്രി, വ്യവസായം പി. രാജീവിന്

രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. പുതിയ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്. വ്യവസായ വകുപ്പ് പി. രാജീവിന് നല്‍കും. കെ കെ ശൈലജ ടീച്ചറെ പിന്തുടര്‍ന്ന് കേരളത്തിന്റെ പുതിയ ആരോഗ്യമന്ത്രിയായെത്തുന്നത് വീണാ ജോര്‍ജാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനാണ്. തദ്ദേശ വകുപ്പ് എം. വി ഗോവിന്ദനാണ്. യുവജനകാര്യം, സ്പോര്‍ട്സ് വകുപ്പ് മന്ത്രിയായി പി എ മുഹമ്മദ് റിയാസ് വരും.
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായേക്കും

സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററാകും. നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാകുന്നതിനെ തുടര്‍ന്നാണു ചുമതലമാറ്റം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തിരുന്നു.
കോവിഡ് വന്നാല്‍ വാക്സിന്‍ മൂന്നുമാസത്തിനുശേഷം മാത്രം
കോവിഡ് വന്നാല്‍, രോഗം മാറി മൂന്നുമാസത്തിന് ശേഷമേ വാക്സിന്‍ സ്വീകരിക്കാവൂയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സര്‍ക്കാര്‍ പാനലിന്റെ നിര്‍ദേശം പരിഗണിച്ചാണിത്. കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കോവിഡ് വന്നാലും രോഗം മാറി മൂന്നുമാസത്തിന് ശേഷമേ രണ്ടാം ഡോസ് സ്വീകരിക്കാവൂ. മറ്റ് അസുഖങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ മറ്റും കഴിയേണ്ടി വന്നവരും വാക്സിന്‍ എടുക്കാന്‍ 4-8 ആഴ്ച കാത്തിരിക്കണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാമെന്നും കേന്ദ്രം അറിയിച്ചു.
ബിറ്റ്കോയിന്റെ മൂല്യം 38,000 ഡോളറിലേക്ക്
ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബെസിന്റെ ഡാറ്റ പ്രകാരം മെയ് 19 ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. ചൈന വിലക്കിയതാണ് ഏറ്റവുംപുതിയ വാര്‍ത്ത. ധനകാര്യസ്ഥാപനങ്ങളും ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍, ട്രേഡിംഗ്, ക്ലിയറിംഗ്, സെറ്റില്‍മെന്റ് ഉള്‍പ്പടെ ഒരുസേവനവും നടത്തരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
സൗജന്യ സര്‍വീസും വാറണ്ടി കാലാവധിയും നീട്ടി ഹീറോ
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസിലും വാറണ്ടിയിലും ഇളവുമായി ഹീറോ. സൗജന്യ സര്‍വീസും വാറണ്ടി കാലാവധിയും അറുപത് ദിവസത്തേക്കാണ് രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് നീട്ടി നല്‍കിയത്.
ഡിസംബറില്‍ സെന്‍സെക്‌സ് 61000 തൊട്ടേക്കുമെന്ന് പ്രവചനം
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 2021 ഡിസംബറോടെ ഓഹരിവിപണി 55000 പോയിന്റിലെത്തുമെന്ന് പ്രമുഖ രാജ്യാന്തര നിക്ഷേപ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി. കോവിഡ് പ്രതിസന്ധി നീങ്ങിയാല്‍ ഇത് 61000 തൊട്ടേക്കാമെന്നും ഇവര്‍ പ്രവചിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ വിപണി 2021 ഫെബ്രുവരിയില്‍ 52,516 എന്ന റെക്കോഡിനെ മറികടന്നിരുന്നു. കഴിഞ്ഞ ദിവസവും സൂചിക 50000 തൊട്ടിരുന്നു (ഇന്ന് 49,903). ഓഹരിവിപണി ഇപ്പോഴത്തെ നിലയില്‍ നിന്ന് പത്ത് ശതമാനം ഉയര്‍ച്ചയാണ് ബാങ്ക് കണക്കു കൂട്ടുന്നത്.
ആക്സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു
സര്‍ക്കാര്‍ കൈവശത്തിലുള്ള ആക്സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികള്‍ (1.95 ശതമാനം) വിറ്റ് 4,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഫര്‍ ഫോര്‍ സെയില്‍വഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കില്‍ 3.5കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56ശതമാനം ഓഹരികളായിരുന്നു സര്‍ക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്. 2021 മാര്‍ച്ച് 31ആയപ്പോഴേയ്ക്കും ഇത് 3.45ശതമാനമായിരുന്നു.
രണ്ടുദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് രേഖപ്പെടുത്തിയത് താഴ്ച. ആഗോളതലതലത്തിലെ വിലക്കയറ്റ സൂചനകളും രാജ്യത്തെ വര്‍ധിച്ചുവരുന്ന കോവിഡ് മരണ നിരക്കും വിപണിയെ പ്രതികൂലമായി സ്വാധീനിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോവിഡ് മരണനിരക്ക് രാജ്യത്ത് 4000ത്തിന് മുകളിലാണ്.
കേരള കമ്പനികളുടെ പ്രകടനം
ശതാബ്ദി വര്‍ഷത്തില്‍, ചരിത്രത്തിലെ തന്നെ മികച്ച റിസള്‍ട്ട് പുറത്തുവിട്ട സിഎസ്ബി ബാങ്കിന്റെ ഓഹരി വില ഇന്ന് 11.59 ശതമാനം ഉയര്‍ന്ന് 320.60 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകളും ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ധനലക്ഷ്മി ബാങ്ക് ഓഹരി വില 0.90 ശതമാനം താഴ്ന്നു.
Gold & Silver Price Today
സ്വര്‍ണം :4545 , ഇന്നലെ :4545
വെള്ളി :73 , ഇന്നലെ :74


കോവിഡ് അപ്‌ഡേറ്റ്‌സ് - May 19, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 32,762
മരണം: 112
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :25,496,330​
മരണം:283,248​
ലോകത്തില്‍ ഇതുവരെ
രോഗികള്‍:163,963,931​
മരണം:3,399,793


Tags:    

Similar News