ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 28, 2021
കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കും. ഡിആര്‍ഡിഒ കോവിഡ് മരുന്നിന് 990 രൂപ, സര്‍ക്കാരിന് വില കുറച്ചേക്കും. നാലാം പാദത്തില്‍ അറ്റാദായം 54.1 ശതമാനം വര്‍ധിച്ച് കല്യാണ്‍ ജൂവലേഴ്സ്. 24 മണിക്കൂറിനിടെ 1000 ശതമാനം നേട്ടമുണ്ടാക്കി ദുബായിയുടെ ക്രിപ്റ്റോകറന്‍സി. സ്വര്‍ണവിലയില്‍ രണ്ടാം ദിനവും ഇടിവ്. പുതിയ ഉയരം കീഴടക്കി നിഫ്റ്റി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കും
കേരളത്തില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. അടിസ്ഥാന, നിര്‍മാണ മേഖലകള്‍ക്കായിരിക്കും ഇളവുകളെന്നാണ് സൂചന.
കല്യാണ്‍ ജൂവലേഴ്സ്: നാലാംപാദത്തില്‍ അറ്റാദായം 54.1 ശതമാനം വര്‍ധിച്ചു
കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കുകയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020 - 21 സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം പാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ ആകെ വിറ്റുവരവ് 2140.7 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളര്‍ച്ച 42.8 ശതമാനമായിരുന്നു.
ഡിഐര്‍ഡിഓ കോവിഡ് മരുന്നിന് 990 രൂപ, സര്‍ക്കാരിന് വില കുറച്ചേക്കും
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച 2 ഡിഓക്സി ഡി ഗ്ലൂക്കോസ് (2ഡിജി) കോവിഡ് മരുന്നിന് ഒരു സാഷെയ്ക്ക് 990 രൂപ. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കുറഞ്ഞ വിലയ്ക്കു മരുന്നു ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000 പായ്ക്കറ്റ് മരുന്ന് വിപണിയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണു വിപണിയിലെത്തിക്കുന്നത്.
24 മണിക്കൂറിനിടെ 1000 ശതമാനം നേട്ടമുണ്ടാക്കി ദുബായിയുടെ ക്രിപ്റ്റോകറന്‍സി!
ദുബായിയുടെ സ്വന്തം ക്രിപ്റ്റോകറന്‍സി, ദുബായ്കോയ്ന്‍, 24 മണിക്കൂറിനിടെ നേട്ടമുണ്ടാക്കിയത് 1000 ശതമാനം. പബ്ലിക് ബ്ലോക്ക്ചെയ്ന്‍ അധിഷ്ഠിതമായുള്ള ക്രിപ്റ്റോകറന്‍സിയാണ് ദുബായ്കോയ്ന്‍. പൊതുജനങ്ങള്‍ക്ക് സ്വന്തമായി ക്രിപ്റ്റോകറന്‍സി ഖനനം ചെയ്യാന്‍ അനുവദിക്കുന്നതാണ് പബ്ലിക് ബ്ലോക്ക് ചെയ്ന്‍.
ഇലക്ട്രോണിക് ബാറ്ററി നിര്‍മാണം; ആറ്റെറോയുമായി ചേര്‍ന്ന് എംജി മോട്ടോര്‍ ഇന്ത്യ
ഇവി ബാറ്ററികളുടെ പുനരുപയോഗത്തിനായി എംജി മോട്ടോര്‍ ഇന്ത്യ ആറ്റെറോയുമായി കൈകോര്‍ത്തു. രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് അസറ്റ് മാനേജുമെന്റ് കമ്പനിയും ക്ലീന്‍-ടെക് ദാതാവുമാണ് നോയിഡ ആസ്ഥാനമായുള്ള ആറ്റെറോ ബാറ്ററി.
ഫ്‌ളിപ്കാര്‍ട്ട് ബിസിനസുകാര്‍ക്കുള്ള വായ്പാ സഹായത്തുക വര്‍ധിപ്പിച്ചു
ഫ്‌ളിപ്കാര്‍ട്ടിന്റെ വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ സഹായത്തുക വര്‍ധിപ്പിച്ച് ഫ്‌ലിപ്കാര്‍ട്ട്. വില്‍പ്പനക്കാരുടെ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഫ്‌ലിപ്കാര്‍ട്ട് ഗ്രോത്ത് കാപിറ്റല്‍ പദ്ധതി വഴിയുള്ള സഹായത്തുകയാണ് വര്‍ധിപ്പിച്ചത്. വര്‍ക്കിംഗ് കാപിറ്റല്‍ ലോണ്‍ പ്രോഗ്രാമിലേക്ക് നിലവിലുള്ള വിവിധ പദ്ധതികള്‍ വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട് ലയിപ്പിച്ചു. ഇതുവഴി ഫ്‌ലിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെ മൂലധന സഹായം ലഭിക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം ദിവസവും താഴോട്ട്. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്റെ വില. തുടര്‍ച്ചയായ ആറ് ദിവസം കുറയാതെയിരുന്ന ബുധനാഴ്ച ഈ മാസത്തെ ഏറ്റവും വലിയ വിലയിലെത്തിയത്. പിന്നീട് വില രണ്ട് ദിവസമായി കുറയുകയായിരുന്നു.
പുതിയ ഉയരം കീഴടക്കി നിഫ്റ്റി
വാരാന്ത്യത്തിലെ വ്യാപാരദിനത്തില്‍ ഓഹരി വിപണികളില്‍ മേയാനിറങ്ങിയത് കാളക്കൂറ്റന്മാര്‍. ജൂണ്‍ മാസത്തിലെ ഫ്യൂച്ചേഴ്സ് & ഓപ്ഷന്റെ ആദ്യ ദിനത്തില്‍, നിഫ്റ്റി കുതിച്ചു മുന്നേറി പുതിയ റെക്കോര്‍ഡിട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നത്, ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി അണ്‍ലോക്കിംഗ് പ്രഖ്യാപിച്ചത്, അമേരിക്കയിലെ സാമ്പത്തിക ഉത്തേജകം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്ന് വിപണിയുടെ കുതിപ്പിന് കാരണമായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരി വില ഇന്നുയര്‍ന്നപ്പോള്‍ ധനലക്ഷ്മിയുടെയും സൗത്ത ഇന്ത്യന്‍ ബാങ്കിന്റെയും വിലകള്‍ താഴ്ന്നു. ജിയോജിത് ഓഹരി വില നേരിയ നേട്ടം രേഖപ്പെടുത്തി. എന്‍ബിഎഫ്സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫ്ിനാന്‍സും നേട്ടമുണ്ടാക്കി. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വില 0.15 ശതമാനം ഇടിഞ്ഞു.
Gold & Silver Price Today
സ്വര്‍ണം : 4570 , ഇന്നലെ :4590
വെള്ളി : 72 , ഇന്നലെ :71.40
കോവിഡ് അപ്‌ഡേറ്റ്‌സ് - May 28, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 22318
മരണം:194
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :27,555,457
മരണം:318,895
ലോകത്തില്‍ ഇതുവരെ
രോഗികള്‍:168,777,246
മരണം:3,507,471